Saturday, January 14, 2012

മാനിഷാദ


കൂട്തിരഞ്ഞ കിളിയുടെ രോദനം


ഈറന്‍ മിഴിയിലുണ്ടിന്നും


കൈകാലടിച്ചു പിടയുമോരാത്മാവിന്‍


കണ്ണുനീര്‍ തുള്ളിയുണ്ടിന്നും






കാണാത്ത വര്‍ണ്ണ സ്വപ്‌നങ്ങള്‍ പെറുക്കിയും


കനകപ്പൊന്‍ തൂവല്‍ അണിഞ്ഞും


ഏറെ പറന്നുയര്‍ന്നെങ്കിലും നിന്‍ മനം


എന്നുമീ കൂട് അണഞ്ഞെത്തി


ഹംസങ്ങളില്‍ രാജഹംസമായ് നീലിമ -


ചിന്തും വിഹായസ്സില്‍ പൊന്തി


ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക് നിന്‍


ചക്ഷുസ്സിന്‍ വീക്ഷണമെത്തി ......


****************************************


ഏറെ നാള്‍ നാടിന്നഭിമാനമേകിയും,


രോമഹര്‍ഷങ്ങള്‍ വിതച്ചും


ദേശാടന പക്ഷിയെങ്കിലും നീയൊരു-


ദേശീയ പക്ഷിയായ് വാണൂ...!!


താളുകള്‍ നിന്‍ ചിത്രവര്‍ണ്ണരേണുക്കളില്‍


താണു പറന്നുമ്മ വച്ചു ..!


താമരപ്പൂവിന്റെ ചാരുതയോലുന്ന-


തായമ്പകകള്‍ രചിച്ചു..!!


******************************


ക്രൂരമായ്‌ ,എത്ര വികൃതമായ് ഹാ വിധി


കൂരമ്പുമായി വന്നെത്തി..!


കൂടണഞ്ഞല്‍പ്പമൊന്നാശ്വസ്സിക്കാന്‍ മുറി-


പ്പാടുമായ് നീ പറന്നെത്തി....!!


സ്വപ്ന സങ്കല്‍പ്പ സായൂജ്യ തല്‍പ്പത്തിലെ -


കല്‍പ്പ സുഷുപ്തിയെ പുല്‍കാന്‍ ..,


വേദന വിങ്ങും കരളിന്‍ മുറിപ്പാടില്‍


നാടിന്‍ അമൃതം പുരട്ടാന്‍ ...,


നീ പറന്നെത്തി ഹാ! എങ്കിലും നിന്നെയീ-


നാടിന്നഴുമതി വെന്നൂ...!


കാളകൂടം പോല്‍ പരന്നു കിടക്കുന്ന-


കൈതവം നിന്നെയും കൊന്നു..!!


***************************************


ഏവനും ഹാ നിജ നീഡം അരുളുന്ന


നീതി നിനക്കേകിയില്ലാ....,


ഏറെ പിടഞ്ഞു പിടഞ്ഞു വീഴുമ്പോള്‍ നീ -


ഒതിയോ "ഹാ..! മാ നിഷാദാ" .....!!


****************


കേരളത്തിന്റെ -ഭാരതത്തിന്റെ തന്നെ-അഭിമാനമായിരുന്ന


കൊല്ലം സ്വദേശിയായ


ഒരു വ്യവസായിയെ ,വിദേശ കുത്തക ലോബിയുടെ


സ്വാധീനത്തിന് വഴങ്ങി കുപ്രസിദ്ധമായ ജയിലറയില്‍


കുരുതി കൊടുത്ത ദാരുണ സംഭവം അനുസ്മരിച്ചു കൊണ്ട്

No comments:

Post a Comment