Wednesday, December 29, 2010

     പുതുവത്സരദിനം      

"കിലുകിലുക്കം കിളികള്‍ ഉണര്‍ന്നൂ ...
ഒരു പുതുവത്സര  ദിനം  പിറന്നൂ .!
ഉലകിലെന്നുമുത്സവമേളം ,-ഇന്ന് -
ഉദയം മുതല്‍ മനസ്സിനുന്മാദം .!

കനകപ്പൊടി വാരിയെറിഞ്ഞൂ -ഈ -
കരകള്‍ പുണര്‍ന്നു കുഞ്ഞോളം ,
കഥകളിയുടെ നാടിന്‍ കരളില്‍ -ആഹാ -
കളിവഞ്ചിപ്പാട്ടുണരുന്നൂ ..!!

വയനാടന്‍ കാറ്റിന്‍ കുളിരും -ഈ -
വയലേലകള്‍ പോറ്റും കതിരും ,
വരവേറ്റുകഴിഞ്ഞൂ നിന്നേ -എന്റെ -
മനസ്സും ഹാ ..! ജനുവരി ഒന്നേ ..!!"

Saturday, December 25, 2010

ദൃശ്യവിചാരം
ഇതൊരു വ്യക്തിഗത വിലയിരുത്തല്‍ മാത്രമാണ്.മലയാളം ചാനലുകളില്‍ ദിവസവും കാണുവാന്‍ കഴിയുന്ന ഏറ്റവും ഹൃദ്യമായ പരിപാടികള്‍ വിലയിരുത്തുന്നു .
                      25 -12 -2010 - ഇല്‍ സൂര്യാ ടീ വീ യില്‍ അവതരിപ്പിച്ച "ഡീല്‍ ഓര്‍ നോഡീല്‍ "എന്ന
പ്രോഗ്രാമില്‍ റിമി ടോമി കൂടിയായപ്പോള്‍ അതൊരു നല്ല ക്രിസ്തുമസ്സ് വിരുന്നായി മാറി..!! ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കു മറക്കാനാവാത്ത ഒരനുഭവവും..!!റിമിയുടെ നിഷ്ക്കളങ്കത, സ്വരമാധുരി,പെര്‍ഫോമന്‍സ് ,അവതാരകനായ മുകേഷിന്റെ  ,ഔചിത്യം, 
അവതരണ ശൈലി ,സാമൂഹിക പ്രതിബദ്ധത എല്ലാം കൂടി ഒരു ഊര്‍ജ്ജ ഉത്സവമായി ഇത് മാറി ..!!
                   പ്രേക്ഷക ലക്ഷങ്ങളുടെ ഏറെ പ്രിയപ്പെട്ട ഒരു പരിപാടിയായി ഇത് മാറിക്കഴിഞ്ഞൂ...!!!                         

Friday, December 24, 2010

തീര്‍ഥാടകമലരുകള്‍
ധനുമാസ കുളിരിലുറങ്ങി,
തുളസിപ്പൂ മാലകള്‍ ചൂടി,
കണിയുണരും നേരത്തുണരും-
തീര്‍ഥാടക മലരുകളെ,
ആനന്ദ ദിനങ്ങളേ......!!  

ശിവഗിരിയില്‍ മഞ്ഞത്തുമ്പികള്‍,
അണിയണിയായ്‌ പാറി വരുമ്പോള്‍
ഒരുമിച്ചു നമുക്കിത് പാടാം
'ജയ ദേവാ ജയ ഗുരുദേവാ'..!

"നരരെല്ലാം ഒന്നാണെന്നും,
നിണവും ഒരു നിറമാണെന്നും,",

നിജ സൂക്തം , നിത്യ വിശുദ്ധം
അരുളുന്നൂ പാരിനു സത്യം
...!!!

പരിപാവന സന്നിധി പൂകി,
അറിയാത്തൊരു നിര്‍വൃതി നേടി,
ഗുരുചേതന നിന്ന് വിളങ്ങും,
ശിവഗിരിയില്‍ ശിരസ്സ്‌ വണങ്ങി ,
മനമാകെ പൂവുകള്‍ ചൂടി...!!!

Thursday, December 23, 2010

  സ്വര്‍ഗ്ഗവും  സര്‍വലോക വൃന്ദവും
"സ്വര്‍ഗ്ഗവും  സര്‍വലോക വൃന്ദവും 
സര്‍ഗ സംഗീതം പാടുമ്പോള്‍
ബത് ലഹേമിലെ പുല്‍തൊഴുത്തില
കൊച്ചു താരം  പിറന്ന
ല്ലോ .."

ഏദനില്‍നിന്ന്  ദൈവമാട്ടിയ
മാനവര്‍ക്കൊരു മോചകാന്‍ !
എതുകാലവും  എണ്ണവറ്റാത്ത -
സ്നേഹത്തിന്‍ മണിദീപകം!!

ക്രുദ്ധനായ പിതാവില്‍ സ്നേഹത്തിന്‍
വിത്ത് പാകിയ  നീതിമാന്‍ !
കുട്ടിയായിരിക്കുമ്പോഴേ ദൈവ -
പുത്രനാണെന്ന് അറിഞ്ഞവന്‍  ‍..!!
ഭൂമിയില്‍ നിന്ന് ദൈവത്തിങ്കലേക്കു
ഏക മാര്‍ഗമീ  രക്ഷകന്‍ !
നീ പിറന്ന ദിനം പിറക്കവേ
കേളി കൊട്ടുന്നു മാനസം .."

Wednesday, December 22, 2010

ദാവീദിന്‍ പുത്രന്‍

ദാവീദിന്‍ പുത്രന്‍  ,സ്നേഹസ്വരൂപന്‍
ശ്രീയേശുനാഥന്‍ നീ ...!
കനിവിന്റെ ദേവന്‍ ,കാരുണ്യ രൂപന്‍
കന്യാതനയന്‍ നീ.....!

കാലിത്തൊഴുത്തിലെ  പുല്‍ക്കൂട്ടിലന്നു നീ
താരകം പോലുദിച്ചു....!
ആദിവചനങ്ങള്‍ ഒക്കെയുള്‍ക്കൊള്ളുന്ന
ആതിര പോലുദിച്ചു....!

ആട്ടിടയന്‍  നീയണിഞ്ഞ പൊന്‍തൂവലിന്‍    
മാറ്റില്‍ ഈ വിശ്വമാകെ
ആനന്ദ  സാന്ദ്രമായ് മാറുന്നൂ
എന്മനം പാടുന്നു ഹാലേലൂയാ .... ....

Monday, December 20, 2010

"ശ്രീ ഗുരുവന്ദനം "
ഗുരുവിന്‍ തൃപ്പാദതളിരില്‍ കുമ്പിട്ടി-
ന്നിരുകരം കൂപ്പിതൊഴുന്നു ഞാന്‍ ..!
ഗുണകരാ ദേവാ, ദയാനിധേ പാരില്‍ -
ഇനിയും വന്നു നീ ഉദിയ്ക്കണേ..!!

അനന്തശക്തിയായ്   തപത്താല്‍ എത്തി നീ,
അനന്ത ശോഭയാല്‍ ജ്വലിച്ചു നീ..!
അനംഗബാധയൊന്നറിയാതുള്ളോരെന്‍
അമൃതജ്യോതിസ്സേ വണങ്ങുന്നേന്‍ ..!!

അറിയുവാന്‍ അരുതടിയന്നങ്ങതന്‍
അണിമയും ദിവ്യ ഗരിമയും ..,
അതുലശോഭായാര്‍ന്നരുളും ആത്മീയ-
പ്രഭയില്‍ മുങ്ങിയ മഹിമയും..!!

വിമല വിസ്മയ ഫലിത ഫാലവും ,
വിഷയമോലാത്ത നയനവും,
വിരളഹാസത്താല്‍ വിളങ്ങുമാനന -
വിശുദ്ധ തേജസ്സും വണങ്ങുന്നേന്‍ ...!!

പുലിയും പാമ്പുമായ് ഇണക്കം നേടിയ -
പുരുഷാ നിന്നിലെ സമസ്നേഹം,
പുളിനം തന്നിലെ ജലം പോലാര്‍ദ്രവും,
ഭുവനമാകെയും നിറഞ്ഞതും..!!

മഹല്‍ തപസ്സിന്റെ ഹിമവല്‍ ശ്രിംഗത്ത്തില്‍  
മനനത്താലെത്തി മഹത് ഗുരു
മനുജസ്നേഹത്താല്‍  തിരികെ പോരുന്നു
മനുഷ്യരെ നന്നായ് നയിക്കുവാന്‍ ..!!

നയിച്ചു നീയെന്നും ,നയിച്ചു ഞങ്ങളെ -
ഇരുളില്‍ നിന്നുമീ വെളിച്ചത്തില്‍..,
നയിച്ചു വിജ്ഞാനപ്രഭയാം സ്നേഹത്തിന്‍ -
മതത്തില്‍ ജാതിതന്‍ പുറത്തേക്കും..!!

മരണമറ്റൊരെന്‍ ഗുരുവിന്‍ ജ്യോതിസ്സേ -
വണങ്ങുന്നേന്‍ താണു വണങ്ങുന്നേന്‍ ..!
മഹത്താം നീയാകും വെളിച്ചം ഞങ്ങളെ -
നയിക്കുവാനായി നമിയ്ക്കുന്നേന്‍ ..!!!
   ****     ****    ****     ****    ****

'ദുരിതഭൂമിയിലെ നിരാലംബര്‍ '
റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ  പെന്‍ഷന്‍കാര്‍ .......

ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സുവര്‍ണകാലമെന്നു വിശേഷിപ്പിക്കുന്ന യൌവന- കാലം  സാധാരണയായി പൊതുസര്‍വീസിനു വേണ്ടി ഉപയോഗിക്കുകയും ഉപജീവനം   തേടുകയും ചെയ്യുന്നു . അതിലൂടെ ചെറുതെങ്കിലും ഭദ്രമായ ഒരു കുടുംബജീവിതവും കെട്ടിപ്പടുക്കുന്നു. വല്ലായ്മകളുടെയും ഇല്ലായ്മകളുടെയും ദുരിതകാലമായ വാര്‍ധക്യത്തിന്റെ ക്ഷീണിതവേളയില്‍  മരുന്നിനും ലളിതഭക്ഷണത്തിനും ലഭിക്കുന്ന പെന്‍ഷന്‍ എന്നാ നാമ -മാത്ര തുകയെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്  ഒരു സാധാരണ ഇന്ത്യക്കാരന്റെ  ജീവിതചക്ര സംക്രമണത്തില്‍ കണ്ടുവരുന്നത് .
                                       തീരെ ധനികരല്ലാത്തവരാണ് ഏറിയ പങ്കും ക്ലാസ്സ്‌ ത്രീ , ക്ലാസ്സ്‌ ഫോര്‍ ലാവണങ്ങളില്‍ പ്രവേശിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് .ഇതില്‍ ഭാഗ്യം,രാഷ്ട്രീയ സ്വാധീനം ,അഴിമതി നടത്തുന്നതിനുള്ള സാഹചര്യം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കുറച്ചു പേരുണ്ട്. എന്നാല്‍ അധ്യാപകര്‍ ,ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി തുശ്ച്ചശമ്പളത്തില്‍ തുടരുകയും തുടങ്ങിയത് പോലെ ഒടുങ്ങുകയും ചെയ്യുന്നവരാണ് ധാരാളം പേര്‍ .
                                         ഒരുപറ്റം മനുഷ്യരുടെ സേവനങ്ങളിലൂടെ സജീവമാകുന്ന സര്‍ക്കാര്‍ സേവനയന്ത്രം തിരിക്കുന്നവരില്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ സഹിക്കുന്നവരും  പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും കെ.എസ്‌ .ആര്‍ . റ്റി .സി. ജീവനക്കാരാണ്.എന്നാല്‍ ഇതര സര്‍ക്കാര്‍ സര്‍വീസുകളില്‍ കാലാകാലങ്ങളില്‍  പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല.
കെ.എസ്‌ .ആര്‍ . റ്റി .സി. യിലെ ഓപ്പറെറ്റിംഗ് വിഭാഗമായ കണ്ടക്റ്റര്‍ , ഡ്രൈവര്‍ ,മെക്കാനിക്  എന്നിവരുടെ സര്‍വീസ് ജീവിതം വൃത്തിഹീനമായ പരിസരങ്ങളിലൂടെ ക്ലേശങ്ങളുടെയും ,
ദുരിതങ്ങളുടെയും അകമ്പടിയോടെയാണ് കടന്നു പോകുന്നതെന്ന് അധികമാരും അറിയുന്നില്ല ..!
                                     അധികാരികളില്‍ നിന്നും ,ഭരണ മേലാലന്മാരില്‍ നിന്നും ,പലപ്പോഴും പൊതു ജനങ്ങളില്‍ നിന്നും അവഹേളനവും ,ആക്ഷേപങ്ങളും സഹിച്ചു
തുശ്ചമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഈ വിഭാഗത്തിന്‍മേലാണ് കെ .എസ് .ആര്‍ .ടീ .സീ യുടെ ഊതിപ്പെരുപ്പിച്ച നഷ്ടകണക്കുകളുടെ കുരിശും പൊതുജനം കെട്ടി വൈക്കുന്നത് .
                                     പെട്രോള്‍ ,ഡീസ്സല്‍, സ്പെയര്‍പാര്‍ട് വിളകള്‍ കുതിച്ച്ചുയര്‍ന്നാലും ,അപകടകാരികളായ പൊതുനിരത്ത്കളെന്ന കുളങ്ങളില്‍ വീണു കേടുപാടുകള്‍ സംഭവിച്ചാലും ,ഭരണാധികാരികളുടെ അഴുമതിയും,തീരെ കളവായി പെരുപ്പിച്ചു കാണിക്കുന്ന നഷ്ട കണക്കുകള്‍ ഹിമാലയം പോലെ ഉയര്‍ന്നു നിന്നാലും യാത്രാചാര്‍ജു വര്‍ധിപ്പിക്കാന്‍ അധികാരമില്ലാത്ത 'ചുമ്മാ മുതലാളിയായി' ഊര്‍ധ ശ്വാസം
വലിച്ചു നിരങ്ങി നീങ്ങുന്ന കെ.എസ്.ആര്‍.ടീ.സീയും ,ശമ്പളപരിഷ്കാരമോ,അര്‍ഹമായ ക്ഷാമ ബത്തയോ, മുന്‍കാല കുടിശിഖയോ ഇല്ലാത്ത കേവലം മനുഷ്യപ്പുഴുക്കളായ
ജീവനക്കാരും സമൂഹ മനസാക്ഷിയുടെ മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്.....!
                                  ഇത് കെ .എസ് .ആര്‍ .ടീ .സീ യുടെ ആകെത്തുക.ഏറ്റവും വലിയ പ്രശ്നം ഇതല്ല .ഒരു ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കരിയും ,പുകയും ഏറ്റുവാടിയും,ചെളിയും,വെള്ളവും കുഴികളും നിറഞ്ഞ നിരത്തുകളില്‍ തുള്ളി വിറച്ചു നീങ്ങിയും, പൊതുജനത്തിന്റെ നാവിന്‍തുമ്പിലെ സരസ്വതീകടാക്ഷം ഏറെ ഏറ്റുവാങ്ങിയും സേവനംചെയ്തു വിരമിച്ച മുപ്പതിനായിരം പെന്‍ഷന്‍കാരുടെ ദയനീയ ചിത്രമാണ്
മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു കളയുന്നത് ..!!
                                  കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു ഊന്നു വടിയുടെയും , വീല്‍ ചെയറിന്റെയും സഹായത്താല്‍ നിരങ്ങി നീങ്ങുന്നവരും ,കണ്ണ് കാണാത്ത അവസ്ഥയിലെത്തിയ   വയോവൃധരും,ജീവിതനിമിഷങ്ങള്‍ക്ക് മരുന്നുകളുടെ വില നല്‍കേണ്ടവരും മറ്റാശ്രയങ്ങളില്ലാത്ത ഭാര്യ-മക്കള്‍ എന്നിവരെ പൊറ്റെണ്ടവര്‍   എന്നിങ്ങനെ ജീവിത പ്രശ്നങ്ങള്‍ ചൂഴ്ന്ന ,ആലംബ ഹീനരായ കെ.എസ്.ആര്‍.ടീ.സീ പെന്‍ഷന്‍കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് ജീവന്‍ -മരണ പോരാട്ടത്തിലാണ്...!അവരെ കെ.എസ്.ആര്‍. ടീ.സീയില്‍ എത്തിച്ച വിധിയെയും, കണ്ണില്‍ ചോരയില്ലാത്ത അധികാരി വര്‍ഗ്ഗത്തെയും നിരന്തരം പഴിച്ചു കൊണ്ട് അവര്‍ കരയാതെ കരഞ്ഞുകൊണ്ടിരിക്കുന്നൂ..!
                     
സമൂഹ മനസാക്ഷിയുടെ മുന്നിൽ കൈക്കുമ്പിൾനീട്ടി യാചിക്കുന്ന ഈ പരിചയ സമ്പന്നരായ പാവങ്ങൾക്കു അറിയാം കേ.എസ്സ്‌.ആർ.ടീ.സീ നഷ്ടത്തിലല്ലന്നു..!മുൻ മന്ത്രിമാരും ,എം.എൽ.ഈ.മാരും,മാധ്യമ പ്രവർത്തകരും ,മറ്റു ധാരാളം സൗജന്യ പാസ്സുകാരും നിരന്തരം സൗജന്യ യാത്ര ചെയ്താലും,ജന പ്രതിനിധികളുടെ താൽപര്യ പ്രകാരം ആളില്ലാത്ത നിരത്തിൽ കുറച്ചു ഓർഡിനറി ബസ്സുകൾ ഓടിയാലും ഈ വമ്പൻ പ്രസ്താനം നഷ്ടത്തിലാകില്ലെന്നു അവർക്കറിയാം ....!                പിന്നെ പ്രൈവറ്റ് ബസ്സുകളിൽ നിന്നും ഈടാക്കുന്നതിന്റെ രണ്ടര ഇരട്ടിനിരത്തുക ടാക്സ്‌ ഇനത്തില്‍   'ഓടുന്നതും, ഓടാത്തതുമായ 'ഓരോ കെ.എസ്സ്‌.ആർ.ടീ.സീ വണ്ടികൾക്കു മേലും ചുമത്തീ എഴുതിചേർത്തു കാട്ടുന്ന കള്ളകണക്കുകളുടെ കളി  മാത്രമാണീ നഷ്ടക്കണക്കെന്നും ഈ മിണ്ടാപ്രാണികൾക്കറിയാം....!!
                  കേവലം 5 ലേക്ഷം രൂപാ മുതൽ മുടക്കി ആരംഭിച്ച  കെ.എസ്സ്‌.ആർ.ടീ.സീയുടെ ഇന്നത്തെ ആസ്തി വില 10000000 ലക്ഷം(10000 കോടി  ) രൂപയിലധികമായതിന്റെ പിന്നിൽ ഈ പാവങ്ങളുടെ ചോരയും വിയര്‍പ്പും  അലിഞ്ഞു  ചേർന്നിട്ടില്ലേ?
            ഓണത്തിനും, കൃസ്തുമസ്സിനും , രെംസ്സാനും   മറ്റെല്ലാപെൻഷൻകാർക്കും പെൻഷൻ ലഭിക്കുമ്പോൾ, കഴിഞ്ഞ മാസ്സത്തെപെൻഷൻ തുകക്കുവേണ്ടി നിരവധി വൃദ്ധശരീരങ്ങള്‍  സമര പന്തലുകളിലും,കെ.എസ്സ്‌.ആർ .ടീ.സീ .ഡിപ്പോകളിലും വിശക്കുന്ന വയറുമായി കൈ നീട്ടിയിരിക്കുന്ന  കാഴ്ച ദയനീയമാണു..., സാക്ഷരതയിലും,സംസ്കാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന കേരള ജനസ്സമൂഹം സ്വന്തം   മനസ്സാക്ഷിയുടെ മുന്നിലെങ്കിലും ഈ കാഴ്ച കണ്ടു ലജ്ജിച്ചു തലകുനിച്ചു പോകും.ഈ ദയ്നീയദുരന്തത്തിനു ഉത്തരവാദപ്പെട്ട ഭരണാധികാരികൾ ; ജനങ്ങളുടെയും, ഈശ്വരന്റേയും  കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യും...തീര്‍ച്ച ..!!!


Friday, December 17, 2010

മാനിഷാദ  
കൂട്തിരഞ്ഞ കിളിയുടെ രോദനം
ഈറന്‍ മിഴിയിലുണ്ടിന്നും
കൈകാലടിച്ചു  പിടയുമോരാത്മാവിന്‍
കണ്ണുനീര്‍ തുള്ളിയുണ്ടിന്നും

കാണാത്ത വര്‍ണ്ണ സ്വപ്‌നങ്ങള്‍ പെറുക്കിയും
കനകപ്പൊന്‍  തൂവല്‍ അണിഞ്ഞും
ഏറെ പറന്നുയര്‍ന്നെങ്കിലും നിന്‍ മനം
എന്നുമീ കൂട് അണഞ്ഞെത്തി
ഹംസങ്ങളില്‍  രാജഹംസമായ് നീലിമ -
ചിന്തും വിഹായസ്സില്‍ പൊന്തി
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക് നിന്‍
ചക്ഷുസ്സിന്‍  വീക്ഷണമെത്തി ......
****************************************
ഏറെ നാള്‍ നാടിന്നഭിമാനമേകിയും,
രോമഹര്‍ഷങ്ങള്‍ വിതച്ചും
ദേശാടന പക്ഷിയെങ്കിലും നീയൊരു-
ദേശീയ പക്ഷിയായ് വാണൂ...!!
താളുകള്‍ നിന്‍ ചിത്രവര്‍ണ്ണരേണുക്കളില്‍
താണു പറന്നുമ്മ വച്ചു ..!
താമരപ്പൂവിന്റെ ചാരുതയോലുന്ന-
തായമ്പകകള്‍ രചിച്ചു..!!
******************************
ക്രൂരമായ്‌ ,എത്ര വികൃതമായ് ഹാ വിധി
കൂരമ്പുമായി വന്നെത്തി..!
കൂടണഞ്ഞല്‍പ്പമൊന്നാശ്വസ്സിക്കാന്‍ മുറി-
പ്പാടുമായ് നീ പറന്നെത്തി....!!
സ്വപ്ന സങ്കല്‍പ്പ സായൂജ്യ തല്‍പ്പത്തിലെ -
കല്‍പ്പ സുഷുപ്തിയെ പുല്‍കാന്‍ ..,
വേദന വിങ്ങും കരളിന്‍ മുറിപ്പാടില്‍
നാടിന്‍ അമൃതം പുരട്ടാന്‍ ...,
നീ പറന്നെത്തി ഹാ! എങ്കിലും നിന്നെയീ-
നാടിന്നഴുമതി വെന്നൂ...!
കാളകൂടം പോല്‍ പരന്നു കിടക്കുന്ന-
കൈതവം നിന്നെയും കൊന്നു..!!
***************************************
ഏവനും ഹാ നിജ നീഡം അരുളുന്ന
നീതി നിനക്കേകിയില്ലാ....,
ഏറെ പിടഞ്ഞു പിടഞ്ഞു വീഴുമ്പോള്‍ നീ -
ഒതിയോ "ഹാ..! മാ നിഷാദാ" .....!!
              ****************
കേരളത്തിന്റെ -ഭാരതത്തിന്റെ തന്നെ-അഭിമാനമായിരുന്ന
കൊല്ലം സ്വദേശിയായ
ഒരു വ്യവസായിയെ ,വിദേശ കുത്തക ലോബിയുടെ 
സ്വാധീനത്തിന് വഴങ്ങി കുപ്രസിദ്ധമായ ജയിലറയില്‍
കുരുതി കൊടുത്ത ദാരുണ സംഭവം അനുസ്മരിച്ചു കൊണ്ട്

Wednesday, December 15, 2010

ഉണ്ണി ഗണപതി
കൊട്ടാരക്കര ഉണ്ണിഗ്ഗണപതി -
യ്ക്കെട്ടു ദിക്കും പുകള്‍ ഏറുന്നു...!
ഇഷ്ടങ്ങള്‍ കിട്ടുവാന്‍ പ്രാര്‍ഥിക്കും ഭക്തന്റെ-
വിഘ്നങ്ങള്‍ എല്ലാം ഒഴിക്കുന്നൂ...!!

തിരുമനം നിറയുവാന്‍ മേടമാസത്തിലെ -
തിരുവാതിരക്കെ മഹോത്സവം...!!
തിങ്കള്‍ നിറമുള്ളോന്‍ കുംഭീ മുഖമുള്ളോന്‍
ശിവസുതന്‍ കനിയുമ്പോള്‍ പൂക്കാലം..!!

ഉഷപൂജ തോഴുവാനിന്നുദയാര്‍ക്കനെത്തുമ്പോള്‍
ഉണ്ണിഗ്ഗണപതിയ്ക്കാമോദം......!!
ഉണ്ണിയപ്പത്തി ന്നമൃതെത്ത് കഴിയുമ്പോള്‍
ഉച്ചയുറക്കത്തിന്നാലസ്യം.......!!!    

Tuesday, December 14, 2010

   അന്വേഷിപ്പിന്‍
അന്വേഷിപ്പിന്‍
കണ്ടെത്തും ...,
മുട്ടുവിന്‍ ........ തുറന്നീടും...,
ചോദിക്കൂ....ലഭിച്ചീടും...
താതന്‍ കരുണാ മയനല്ലോ...!!

അപ്പം ചോദിക്കും മകന്
കല്ലേകില്ലൊരു നാളുമവന്‍ ...!
സ്വര്‍ഗസ്ഥനായ പിതാവിന്‍ കൈകള്‍ -
നിത്യം കാവല്‍ നമുക്കെല്ലാം...!

ഏറെ ഇടുങ്ങിയ വാതിലിലൂടെ
പോവുക നീയും കുഞ്ഞാടേ...,
ഈ വഴി ചെന്ന് തുറപ്പതു പുതിയൊരു -
ജീവിതവീഥിയിലാണല്ലോ....!!
ദൈവപുത്രന്‍
യേശുദേവന്‍ പറഞ്ഞു :-
"അധരങ്ങള്‍  കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരെ
അറിവിന്റെ തിരിവെട്ടം  അകതാരിലില്ലാത്തോ-
രന്ധരെ നിങ്ങള്‍  നയിപ്പതാരെ ..?

ദൈവപിതാവിന്‍  വചനങ്ങളില്‍  നിങ്ങള്‍
സ്വന്തം  തിരുത്തുമായ് വന്നുനില്പ്പൂ
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം
നിങ്ങളില്ലാവചനം  വചിപ്പതത്രേ...!

സ്വര്‍ഗ്ഗ പിതാവിന്നു  നട്ടതല്ലാതുള്ള    
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍
നിഷ്ഠയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തു കൊള്‍ക...!! "
 മാറ്റാന്‍
എമ്മാനുവേല്‍
എമ്മാനുവേലായ് വന്നവനെ..,
എന്‍ കരുണാമയനെ ....,
യേശുവേ എപ്പോഴും നീ -
ഞങ്ങളെ  കാത്തു കൊള്ളേണമേ .....!!

പരമപിതാവിന്‍ മകനെ.,
പാപികള്‍ക്കുടയവനെ ..,
സ്നേഹരൂപാ നിന്‍ മഹത്വം
വാഴ്ത്തപ്പെടെണമേ...!!

ബത് ലഹേമില്‍ പുല്‍ക്കൂട്ടില്‍ ഒരു -
നക്ഷത്രം പോല്‍ പിറന്നു നീ..!
മറ്റൊരു താരം വഴികാട്ടിയുമായ്
നിന്റെ സന്നിധിയില്‍...!!!

 "കന്യാമാതാവ് "
ആദിവചനം പിറക്കും മുന്‍പേ -ദൈവ-
മാനസം തന്നില്‍ ഉദിച്ചവളെ ..,
ആകുല ചിത്തര്‍ക്കഭയമാകും-ദിവ്യ-
രൂപിണീ കന്യാമറിയം അമ്മെ...!!

നിര്‍മ്മലേ നിത്യ വിശുദ്ധയാം കന്യകേ
കര്‍മ്മലറാണിയാം മേരീമാതെ...,
നിര്‍മ്മയം ഞങ്ങളെ കാത്തരുളേണമേ-
നിന്‍ കരുണാര്‍ദ്രമാം കയ്യുകളില്‍ ..!!

ക്രൂശിതനായ നിന്‍ പുത്രന്റെ ചാരത്തു
നീറും കരളുമായ്‌ നിന്നവളെ
ലോകം മുഴുവന്‍ നിറഞ്ഞ നിന്‍ സ്നേഹത്തെ -
ഈ മക്കള്‍ വാഴ്ത്തി സ്തുതിക്കും അമ്മെ...!!!
          മനുഷ്യ   പുത്രന്‍
മനുഷ്യ  പുത്രന്‍ വരും  ദിനമെണ്ണി നിങ്ങള്‍ തന്‍ 
മനസ്സും തുറന്നിരിക്കൂ... !
മാലാഖമാരുടെ മന്ത്ര സംഗീതികള്‍
മധുരം ശ്രവിച്ച്ചിരിക്കൂ....!

നാല് ദിനം കൊണ്ട് ദൈവപുത്രന്‍ നല്ല-
നാളെകള്‍ കോര്‍ത്തെടുക്കും....!
നാഴികക്കുള്ളില്‍ തെരഞ്ഞെടുക്കപ്പെട്ട -
മാനവroത്ത് കൂടും...!

അത്തിമരത്തളിര്‍ വേനലിന്‍ ചുണ്ടിലൊ-
രസ്തമയം വിടര്‍ത്തും !!
നല്ല ശമരിയക്കാരയവന്‍ ദേവ-
സംഗീത ധാരയാക്കും...!!!

Monday, December 13, 2010

പീശ്ച്ചേ മൂഢ്


                  തലയില്‍  ചരിച്ചു വച്ച തൊപ്പി ,കാക്കികുപ്പായവും അരനിക്കറും ,കാലില്‍ ചുവന്ന ബൂട്ടുകള്‍ ,അരയില്‍ ബ്രാസിന്റെ തിളങ്ങുന്ന ബക്കിളുകളുള്ള ബ ല്‍ റ്റ്കള്‍ ..,
   ഒരേ താളം ! ഒരേ ലയം !
      ജൂനിയര്‍    എന്‍  സീ.  സീ. കേടട്ടുകളുടെ മാര്‍ച്ച് പാസ്റ്റ്  നോക്കി നിന്നപ്പോള്‍  അറിയാതെ  മനസ്സ് വളരെ  വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പോയി ..! മനോഹരങ്ങളായ
തെളിഞ്ഞ ദിനങ്ങളും,മനസ്സില്‍ സ്നേഹത്തിന്റെയും,പ്രതീക്ഷകളുടെയും പൂമൊട്ടുകളും,കുരുന്നിലകളും സൂക്ഷിക്കുന്ന കൌമാരാനന്തര കാലം..!ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയുടെ എല്ലാ കുസൃതികളും പേറി കളിച്ചു തിമര്‍ത്തു നടക്കുന്ന കാലം..,
                       ഏറ്റവും ഇഷ്ടപ്പെട്ട വിഷയം എന്‍ .സീ .സീ ..!ഒത്തു ചേരല്‍,ചിട്ട ,
ശത്രു സംഹാരം ചെയ്തു ഭാരതത്തെ കാത്തു സൂക്ഷിക്കുന്ന വന്‍ ശക്തിയുടെ കുഞ്ഞു രൂപമെന്ന അഭിമാനം..!
                       സീനിയര്‍ ഡിവിഷന്‍ എന്‍ സീ സീ യിലെ ജൂനിയര്‍ കേദറ്റുകളാണ്
പ്രീ ഡിഗ്രിക്കാര്‍..,മിക്കവാറും കൃസ്തുമസ് അവധിക്കാലത്ത്‌ നടത്തപ്പെടുന്ന ആന്വല്‍
ക്യാമ്പില്‍ ആവേശത്തോടെ പങ്കെടുക്കുന്നതും ഈ കൊച്ചു കേടറ്റുകളാണ്.....!!
അങ്ങനെ ഒരു ക്യാമ്പ് -ഒരു പക്ഷെ കോളേജു ജീവിത വേളകളില്‍ ഏറ്റവും തെളിഞ്ഞ
ചിത്രമായ്‌ മാറിയ ഒരു ക്യാമ്പിന്റെ ഓര്‍മയാണ് ഈ കുറിപ്പ് ..!
                     ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ കൊല്ലം ജില്ലയിലെ
"മുളങ്കാടകം- വെസ്റ്റ്‌ കൊഇലോന്‍ ഹൈ സ്കൂള്‍ "ആണ് ലൊക്കേഷന്‍ .സ്വന്തം
വീടുകളില്‍ നിന്ന് ഒരുദിവസം പോലും വിട്ടു നിന്നിട്ടില്ലാത്തവരാണ് ക്യാമ്പ് അംഗങ്ങളില്‍
അധികവും..ആലംബ ഹീനത്വം പരസ്പരാശ്രയത്താല്‍ പരിഹരിക്കുവാന്‍ വെമ്പുന്ന പ്രായം..!!
                      ചിട്ടയായ പരേഡുകള്‍, മിലിട്ടറി ഡിസ്സിപ്ലിന്‍ ,ശുദ്ധിയും ,വെടിപ്പും ഒക്കെ
നിര്‍ബന്ധം.. പകല്‍ നല്ല കായികാധ്വാനം !പോഷക സമൃദ്ധമായ ഭക്ഷണം ...,സന്ധ്യ മുതല്‍ രണ്ടു മൂന്നു മണിക്കൂര്‍ വിനോദ പരിപാടികള്‍ ..ഓരോരുത്തര്‍ക്കും അവരവരുടെ
കഴിവുകള്‍ പ്രദര്‍ശിപ്പിക്കാം,പ്രകടിപ്പിക്കാം.!പിന്നെ തറയില്‍ ഡറി വിരിച്ചു
സുഖമായോരുറക്കം . !
                     ഇതൊക്കെ എല്ലാ എന്‍ സീ സീ ക്യാമ്പുകളിലും ഉണ്ടാകും .ഇതൊന്നുമായിരുന്നില്ല വെസ്റ്റ്‌ കൊഇലോന്‍ ക്യാമ്പിന്റെ പ്രത്യേകത ,സത്യ സന്ധമായി
പറഞ്ഞാല്‍ ഈ ക്യാമ്പ് എല്ലാ വേളകളിലും പ്രകാശമാനമാക്കുന്ന ഒരു കേടറ്റില്‍ ആയിരുന്നു
ആ പ്രത്യേകത ..!!
                   ഒരു ബാലന്‍ ..! ഞങ്ങളെപോലെ ഒരു ഫസ്റ്റ്‌ പ്രീ ഡിഗ്രീ വിദ്യാര്‍ഥി .കൊല്ലം ഫാത്തിമാ കോളേജില്‍ നിന്നാണ് ക്യാമ്പിലെത്തിയത് ..,ഓമനത്തമുള്ള മുഖം..!
തെളിഞ്ഞു തിളങ്ങുന്ന വലിയ കണ്ണുകള്‍ ..!!പരേഡില്‍,ഫയറിംഗില്‍,പാസ്സിംഗില്‍
എല്ലാം ഏതോ ഒരു പ്രത്യേകത ദൃശ്യമാകുന്നുണ്ടായിരുന്നൂ   അയാളില്‍ ..!
                  സായന്തനങ്ങളിലെ ഒത്തുചേരലിലും കലാ പ്രകടനങ്ങളിലും ആയിരുന്നു
ആ കുട്ടി മുഴുവന്‍ ക്യംപംഗങ്ങളെയും വിസ്മയിപ്പിച്ച്ചത് ...!!
                     ചലനങ്ങളില്‍,പ്രകടനങ്ങളില്‍,നടനത്തില്‍,ആലാപനത്തില്‍,അനുകരണ കലയില്‍ ഈ പ്രായത്തിലുള്ള ഒരാള്‍ക്ക്‌ സാധ്യമാകാത്ത തരത്തില്‍ കഴിവുകള്‍ കാട്ടുന്ന
ഈ കൌമാര പ്രായക്കാരന്‍ ..!! ഏത്  പ്രകടനത്തിലും ഉന്നത നിലവാരം പുലര്‍ത്തുവാനും അയാള്‍ക്ക്‌ ഒരു പ്രത്യേക കഴിവുണ്ടായിരുന്നൂ ..!!
                       ദൈവത്തിന്റെ നേര്‍ സന്താനമെന്നു വേദിയില്‍ തെളിയിക്കുന്ന ഈ
പ്രതിഭാ ശാലി സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഓലമേഞ്ഞ ഷെഡില്‍ ഞാന്‍
ഉറങ്ങാന്‍ വിരിക്കുന്ന ഡറിക്കരികെ ഡറി വിരിച്ചു കിടന്നു എല്ലാം മറന്നുറങ്ങുംപോള്‍
ഒരു വിശുദ്ധ   ശിശുവിന്റെ ഭാവം ആ മുഖത്ത് അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു ..!
                        ഒരു മനുഷ്യനിലെ ദൈവ ചൈതന്യത്തിനു ഒരുപാട് കാര്യങ്ങള്‍ ചെയ്യാം
എന്നുള്ള ആത്മവിശ്വാസം എന്നില്‍ വളര്‍ത്തിയ അന്നത്തെ ആ കൊച്ചു കൂട്ടുകാരന്‍ ആരെന്നല്ലേ?
                       "ബാലചന്ദ്ര മേനോന്‍ "
                                        അതെ,ഇന്നത്തെ ഭരത് ബാലചന്ദ്ര മേനോന്‍ .അന്നത്തെ ക്യാമ്പ് അംഗങ്ങള്‍ ആയിരുന്നഞങ്ങളുടെ ഒക്കെ മനസ്സില്‍ ഇന്നുമുള്ള" ഞങ്ങളുടെ ബാലചന്ദ്രന്‍ ..!"

                                                               






വിധിയ്ക്കപ്പെടാതെയിരിക്കാന്‍

വിധിയ്ക്കപ്പെടാതെയിരിക്കാന്‍  മനുഷ്യാ
....
വിധിയ്ക്കാന്‍ ശ്രമിക്കരുതല്ലോ നീ .....
അളക്കപ്പെടാതെയിരിക്കാന്‍ അപരനെ -
അളക്കാന്‍ ശ്രമിക്കരുതല്ലോ നീ....

അവന്റെ കണ്ണിലെ കരടുകള്‍ ചൂണ്ടി
അപമാനിക്കുകയല്ലോ നീ....
നിന്റെ കണ്ണില്‍ നിറഞ്ഞ മരമുറി-
നീയെന്തേ കാണുന്നീലാ....

വിശുദ്ധമായതു നായ്ക്കള്‍ക്കേകി
വിലോലമണികള്‍ പന്നിയ്ക്കും ,
വിയര്‍പ്പു മുത്തിന്‍ വിലയറിയാതവ -
വിഴുപ്പുപോലെ നശിപ്പിക്കും.....
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ

അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ....
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
ന്ധരെ നിങ്ങള്‍ നയിപ്പതാരെ ?

ദൈവ പിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍ -
സ്വന്തം തിരുത്തുമായ് വന്നു നില്‍പ്പൂ ........
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം നിങ്ങള്‍
ഇല്ലാ വചനം വചിപ്പതത്രേ ....

സ്വര്‍ഗപിതാവിന്നു നട്ടതല്ലാതുള്ള-
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍ ..
നിഷ്ട്ടയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തുകൊള്‍ക .......


Sunday, December 12, 2010

ക്ഷമയുള്ളോന്‍ 
ക്ഷമയുള്ളോന്‍ സഹനത്തിന്‍ തീ വഹിക്കും
അത് കഴിഞ്ഞാനന്ദ കടലില്‍ മുങ്ങും ..!!
ക്ഷമയുള്ളോന്‍ സ്വയമവന്‍ നാവടക്കും ..!!
അധരങ്ങള്‍ ആയിരം അവനെ വാഴ്ത്തും ..!!

വിജ്ഞാനം ഇശ്ചിപ്പോന്‍ കല്‍പ്പനകള്‍ -
വിശ്വാസമാര്‍ന്നു പാലിച്ചിടെണം....!
കര്‍ത്താവിലുള്ള ഭയം വെടിഞ്ഞാല്‍
കര്‍ക്കശന്‍ കാപട്യനായി മാറും..!!

വിശ്വസ്തതയും എളിമയും നിന്‍ -
വിമലമാം ഹൃദയത്തെ ഉദയമാക്കും...!!
വിളകൊണ്ടു നിന്റെ കളപ്പുരകള്‍ -
വിശ്വൈക രക്ഷകന്‍ ധന്യമാക്കും....!!
ബൈബിള്‍ ഗാനം -പതിനാല്‌
പ്രഭാഷകന്‍ -പതിനേഴ്-ഇരുപത്തി മൂന്ന് -മുപ്പത്‌

         

Saturday, December 11, 2010

മാതൃ പിതൃ സ്നേഹം
അച്ഛന്നു മക്കള്‍ തന്‍ മേലെ- ദൈവ -
മധികാരം നല്കിയിരിപ്പൂ ..!
അമ്മ തന്നധികാരമെന്നും -അവന്‍
നന്നായി ഉറപ്പിച്ചിരിപ്പൂ....!!

തന്‍ പിതാവിന്നാദരം നല്‍കിടും മകന്‍
പാപങ്ങള്‍ പോയ വിശുദ്ധന്‍ ..!
മാതാവിന്നാദരം നല്‍കുന്ന മക്കളോ
നിക്ഷേപം ശേഖരിക്കുന്നോര്‍ ..!!

സ്വന്ത സന്താനങ്ങളാല്‍ സുഖ സംതൃപ്തി -
ഉണ്ടായ്‌ വരും നല്ലവര്‍ക്ക് ..!
ആകയാല്‍ എന്നെന്നും ആദരിച്ചീടണം 
മാതാപിതാക്കളെ നിങ്ങള്‍ ..!!!


ബൈബിള്‍ ഗാനം -പതിമൂന്നു -
പ്രാഭാഷകന്‍- മൂന്ന്‌-ഒന്ന്-എട്ട്‌-
പാപികള്‍

ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍  ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!

ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!

പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!

ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്‌- പതിനൊന്ന്‌-പതിനെട്ട്

 

പാപികള്‍

ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍  ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!

ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!

പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!

ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്‌- പതിനൊന്ന്‌-പതിനെട്ട്

 

വിജ്ഞാന കിരീടം
വിജ്ഞാനത്തിന്റെ  കിരീടമെന്തേ ?
കര്‍ത്താവിലുള്ള  ഭയമതത്രേ..!
അഭിമാനം നല്‍കും ,ബഹുമതിയും -
അവനില്‍ ഭയത്തോടു നോക്കുവോനു

സന്തുഷ്ടി ,ആനന്ദം ,ദീര്‍ഘായുസ്സും -
സന്തതം ,നല്‍കുവോന്‍ ആട്ടിടയന്‍ ..!
അവനെ ഭയക്കുകില്‍ സത്ഫലങ്ങള്‍...!
ഭവനത്തില്‍ അഭികാമ്യ സംഭവങ്ങള്‍ ...!!

കര്‍ത്താവിനെ നീ ഭയപ്പെടുകില്‍
വിജ്ഞാനത്തിന്റെ തുടക്കമായീ ..!
കര്‍ത്താവിന്‍ സ്നേഹത്തില്‍ നിത്യവും നീ -
വിശ്വാസം അര്‍പ്പിക്കില്‍ വിജ്ഞനായി ...!!
ബൈബിള്‍ ഗാനം -പതിനൊന്ന്‌-
പ്രഭാഷകന്‍ -ഒന്ന് -എട്ട്‌-പത്തൊന്‍പത്
രക്ഷകന്‍
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും  വന്നതും
കര്‍ത്താവില്‍  നിന്ന് മാത്രം ..!

ആഴിതന്നാഴങ്ങള്‍ മേവുന്ന മണ്‍തരി -
ആരാല്‍ അതെണ്ണപ്പെടും   ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?

വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍  നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്

  
രക്ഷകന്‍
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും  വന്നതും
കര്‍ത്താവില്‍  നിന്ന് മാത്രം ..!

ആഴിതന്നാഴങ്ങള്‍ മേവുന്ന മന്ത്രി -
ആരാല്‍ അതെണ്ണപ്പെടും   ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?

വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍  നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്

  

അബ്രാമിനോട് ......


അബ്രാമിനോട് ദൈവം അരുള്‍ ചെയ്തു .....അബ്രാമേ,
"നീ നിന്‍ ഭവനവും ,താതന്റെ ഭവനവും
ദേശവും വേഗം വെടിഞ്ഞു കൊള്‍ക..!
ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിക്ക,ഞാന്‍ കാട്ടും-
ദേശത്തെക്കിപ്പോള്‍ നടന്നു കൊള്‍ക..!

ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും,-നിന്റെ-
നാമം മഹാനീയമാക്കും ...!
നിന്നെ അനുഗ്രഹിപ്പോരെ അന്ഗ്രഹി-
ച്ച്ചിന്നു ഞാന്‍ സംതൃപ്തനാകും ..!!

അബ്രാമേ നിന്നെ ശപിപ്പോരെ ശാപത്താല്‍
നിര്‍ദയം ഞാന്‍ നശിപ്പിയ്ക്കും ...!
നീ നിമിത്തം ഭൂവിലെല്ലാ കുടുംബവും
നിശ്ചയം സംതുഷ്ടമാകും  ....!! "
ബൈബിള്‍ ഗാനം -ഒന്‍പത്  

Thursday, December 9, 2010

ശാശ്വത സത്യത്തിന്‍ മുദ്ര

മാനത്ത്  വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍   ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....

നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര .... 

ഈ വില്ല് മേഘങ്ങളില്‍  ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
      " ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
         പ്രളയമുണ്ടാകില്ലയെന്നും
         സകല ചരാചര വസ്തുക്കളും  നശി-
         ച്ചമരുവാന്‍ പാടില്ലയെന്നും ...."


ശാശ്വത സത്യത്തിന്‍ മുദ്ര

മാനത്ത്  വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍   ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....

നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര .... 

ഈ വില്ല് മേഘങ്ങളില്‍  ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
      " ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
         പ്രളയമുണ്ടാകില്ലയെന്നും
         സകല ചരാചര വസ്തുക്കളും  നശി-
         ച്ചമരുവാന്‍ പാടില്ലയെന്നും ...."


Wednesday, December 8, 2010

നോഹയുടെ പെട്ടകം


നാല്‍പ്പതു രാവുംപകലും നിലയ്ക്കാത്ത
പേമാരി പെയ്യിച്ചു ദൈവം ..!
ധാര്‍മികമല്ലാത്തതൊക്കെ  നശിപ്പിച്ചു -
താതന്‍ ദയാമയന്‍ ദൈവം ..!!

നോഹതന്‍ പെട്ടകം പൂകിയ ജീവികള്‍ -
മാത്രമേ ഭൂമിയിലുണ്ടാകൂ ..
ശുദ്ധ മൃഗങ്ങളില്‍ നിന്നേഴു ജോഡികള്‍
പക്ഷികളും ഏഴു ജോഡി ..!!
ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നേക -
ജോഡിയും പെട്ടകം പൂകി ..!

ഭൂമിയിലുള്ളതാം ജീവജാലങ്ങളെ
ജോഡിയായി പെട്ടകമേറ്റി
തന്‍ പത്നിയേയും തനയരേയും തന്റെ -
മക്കള്‍ തന്‍ പത്നിമാരെയും
താതന്റെ ഇശ്ച്ചപോല്‍ രെക്ഷിച്ച നോഹയെ -
താതന്‍ അനുഗ്രഹിക്കുന്നു ..!!
ബൈബിള്‍ ഗാനം -ഏഴ്‌   


യഹോവയും അവ്വയും


കര്‍ത്താവിന്‍ ആജ്ഞയെ ധിക്കരിച്ചാദ്യമായ്-
കനിതിന്നോരവ്വയെ നോക്കി
കര്‍ത്താവ് കല്‍പ്പിച്ചു" ധിക്കാരിയാം നിന്റെ -
ഗര്‍ഭത്തിന്‍ പീഡകള്‍ ഏറ്റും
എങ്കിലും നീയെന്നും കാമിക്കും ഭര്‍ത്താവിന്‍ -
സുന്ദര മേനിയും ചൂടും...!! 
സര്‍പ്പത്തിന്‍ ശത്രുക്കള്‍ -തമ്മില്‍ നശിപ്പിക്കും
പുത്രരേ ഞാന്‍ നിനക്കേകും..

ഉരഗമായ് ജീവിതം പൊടിതിന്നു തീര്‍ക്കുവാന്‍
സര്‍പ്പത്തിനേയും ശപിച്ചൂ..!
ഉലകെല്ലാം വാഴുന്ന ദൈവത്തിന്‍ കോപത്തെ
അറിയുന്നു സാത്താനാവേള..!!

തോല്‍കൊണ്ട് വസ്ത്രമുണ്ടാക്കി നല്‍കി -ദൈവം-
മനുജരെ ആട്ടിയിറക്കി
ജീവവൃക്ഷക്കനി തിന്നാതിരിക്കുവാന്‍
'കെരുബുക്കളെ 'കാവലാക്കി
ഒരു തീയാളും വാളുമൊരുക്കി...!!
ബൈബിള്‍ ഗാനം -ആറ്  



ഏദന്‍തോട്ടം


ഏദനില്‍ ദൈവമേ നീ തീര്‍ത്ത തോട്ടമെന്‍ -
ഭാവനയ്ക്കുള്ളില്‍ ഞാന്‍ കണ്ടൂ ..!!
കാണുവാന്‍ കൌതുകമേറും മരങ്ങളും,
പൂവും ,ഫലങ്ങളും കണ്ടൂ..!!

ജീവികള്‍ ഉല്ലസ്സിച്ചാര്‍ക്കുമത്തോട്ടത്തില്‍
ജീവവൃക്ഷം നില്‍പ്പതുണ്ട്...!!!
ജ്ഞാനത്തിന്‍ പൊന്‍കനി കിങ്ങിണി ചാര്‍ത്തുന്ന -
ജ്ഞാന വൃക്ഷം നില്‍പ്പതുണ്ട് ..!!

പീശോന്‍ നദിയിലെന്‍ ഭാവനയെത്തവേ-
ഈശ്വരനെ സ്മരിയ്ക്കുന്നൂ ...!!
നാലായ്പ്പിരിയും വഴി പോലെയല്ലയോ
മാനവരാശിയിന്നെങ്ങും....!!!
ബൈബിള്‍ ഗാനം -അഞ്ച്

മാനവ സൃഷ്ടി

 
ആദിമകാല മഹാന്ധ തമസ്സിലെ-
ആറാം നാളില്‍  വിശ്വ മഹേശന്‍
നീ നിന്‍ സുന്ദര രൂപം നല്‍കീ ,
നരവംശത്തിന് ജന്മംനല്കീ ..!!

വിത്ത് മുളയ്ക്കും ചെടികളും അവയുടെ-
സത്ത് നിറഞ്ഞൊരു ഫലവും നല്‍കീ ..!
ഇക്ഷിതി തന്നില്‍ സകല ചരാചര -
വസ്തുവിനും മേല്‍ സ്ഥാനംനല്കീ ..!!

തന്‍ പ്രതിരൂപം ദേവന്‍ നോക്കീ
സന്തോഷത്തൊട്‌ മന്ദഹസ്സിച്ചൂ ..!!
ഏഴാംദിവസം വിശ്രമമായി
ഏതിനും ആദിപിതാവാം ദൈവം ..!!
ബൈബിള്‍ ഗാനം -അഞ്ച്‌

നാലാം നാള്‍


നാലാംനാളില്‍  പകലിനെ ഭരിയ്ക്കുവാന്‍
നീയെന്‍ പിതാവേ സൂര്യനെ സൃഷ്ടിച്ചു ..!
രാവിന്റെ നായകന്‍ ആകുവാന്‍ ചന്ദ്രനാം
ജ്യോതിസ് നിര്‍മ്മിച്ച്‌ വാനില്‍ പതിച്ചു ..!

ആയിരമായിരം  നക്ഷത്ര മുത്തുകള്‍
ആദിപിതാവേ നീ വാരിവിതച്ചൂ ..!
ആകാശമൊക്കെയും പൊന്നൊളി ചിന്തി -
ആലക്തദീപങ്ങള്‍  മിന്നുന്നതിന്നും ..!!

അഞ്ചാംനാളിലെ  സൃഷ്ടികര്‍മങ്ങളില്‍
ആകാശപ്പറവയും മത്സ്യവും വന്നു ..!
അഞ്ചിത ശോഭയാര്‍ന്നാ ജന്തു ജാലം -
സഞ്ചരിച്ചീടുന്നതിന്‍ ജന്മകാലം ...!

കാനനചാരികള്‍ ,കാട്ട്മൃഗങ്ങള്‍
കേഴകള്‍ ഒക്കയും സൃഷ്ടിക്കപ്പെട്ടു ..!!
ഭൂമി തന്‍ നിശ്ചല രൂപം വെടിഞ്ഞൂ
പൂക്കള്‍ നിറഞ്ഞൊരു ഭൂതലം വന്നൂ ..!!
ബൈബിള്‍ ഗാനം -മൂന്ന്  

ഉലകിന്നുയിരാം അമ്മേ ജയ ജയ..!


ഉലകിന്നുയിരാം അമ്മേ ജയ ജയ..!
ഉമയാം ശക്തി സ്വരൂപിണി ജയ ജയ !!
ഉഴറിവരുന്നൊരു ഭക്തജനത്തിനു
ഉണര്‍വേകുന്ന ദയാമയി ജയ ജയ ..!

ഉദയം പോലും നിന്‍തിരുമുന്‍പില്‍
കനിവിന്നായ് കൈ കൂപ്പി നമിപ്പൂ..!!
മഹിതമഹേശ്വര മൂര്‍ത്തീ പാദം-
മലരുകളാല്‍ പൂജിക്കും ദേവീ ..!!
                                                                   
സന്ധ്യാദീപ പ്രഭയില്‍ വിളങ്ങും
സിന്ദൂരാംഗിത സുന്ദരവദനം
കണ്ടുവണങ്ങും ഞങ്ങള്‍ക്കുള്ളിലെ -
ഇണ്ടല്‍ അശേഷം ഒഴിഞ്ഞേ പോകും....!!!

Tuesday, December 7, 2010

ഇന്‍കം ടാക്സിലെ ജെന്റില്‍ മാന്‍


മൊബൈലിന്റെ സ്നേഹാര്‍ദ്ര സംഗീതം നിലച്ചപ്പോള്‍
അതൊരു മിസ്സ്ഡ് കോള്‍ ആയി!
             പതിവ് പോലെ  സര്‍വീസസിന് വേണ്ടി ഏതെങ്കിലും
ക്ലൈന്റാകാം.... ഒരു പക്ഷേ പുതിയ ഒരു പോളിസിയുടെ
നേര്‍ത്ത ചരടിന്റെ ഒരറ്റം ഈ കോളിന്റെ തലക്കലെങ്ങാന്‍
കിടപ്പുന്ടെങ്കിലോ ? ..തിരിച്ചു വിളിച്ചു ..
            അങ്ങേ തലക്കല്‍ മാന്യമായ ശബ്ദം !"ഇന്‍കം ടാക്സ്
ഓഫീസ്സില്‍ നിന്നാണ് ..തിരിച്ചു വിളിച്ചത് ഭാഗ്യം ..,നിങ്ങള്‍ സമര്‍പ്പിച്ച
ടാക്സ് റിടെന്‍ രേഖകളില്‍ ബാങ്ക് അക്കൌണ്ട് നമ്പരില്ല.."
സര്‍ക്കാര്‍ ഓഫീസ്സുകളില്‍ നിന്നും ഒരിക്കലും കേള്‍ക്കാത്ത
ഒരു സേവന സൌമനസ്സ്യം!!അഹന്തയില്ലാത്ത സ്വരം..!
 അത്ഭുതപ്പെട്ടു പോയി...!!
            ധാരാളം ആവശ്യങ്ങള്‍ തല ഉയര്‍ത്തി ദയനീയമായി
നോക്കി നില്‍ക്കുന്ന ഈ സമയത്ത് ടിഫക്റ്റ് രേഖപ്പെടുത്തി
ഈ വലിയ ഓഫീസിന്റെ പൊടിപിടിച്ച മൂലയിലെങ്ങാന്‍
ദീര്‍ഘ വിശ്രമം ചെയ്യേണ്ട  ഫയല്‍.....
            ആ മാന്യതയുടെ ശബ്ദത്തിന്നുടമയോട് ഞാന്‍
ഫോണിലൂടെഎന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പറഞ്ഞു .
            നെറ്റിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ഫയല്‍ പറക്കുമ്പോള്‍
ഞാന്‍ മനസ്സില്‍ പറഞ്ഞൂ .."നന്മകള്‍ മരിച്ചിട്ടില്ല".
            കാണാത്ത ആ നല്ല മനസ്സിന്നുടമയ്ക്ക് ഒരു പേര് വേണ്ടേ .?
അത് ഇങ്ങനെ ആകാം ."ഇന്‍കം ടാക്സിലെ ജെന്റില്‍ മാന്‍ " ...!
    


 

ആകാശകമാനം


 
ഭൂമിക്കു മുകളില്‍ കമാനം വിടര്‍ത്തി -
ആദിപിതാവേ നീ ..!
ആകാശമെന്നൊരു  പേരും നല്‍കി
ആദിപിതാവേ നീ...!

കരുവായ വെള്ളത്തെ കൈചൂണ്ടി ദൂരെപ്പോയ് -
അമരുവാനരുളീ നീ ...!!
കടലെന്നതിന്നൊരു പേരും നല്‍കീ -
കരുണാമയനേ നീ ...!!

കരയായി തീര്‍ന്നൊരു ഭാഗത്തെ ഭൂമിയെ-
ന്നരുളി വിളിച്ചൂ നീ ...!
അവിടെ ഫലവൃക്ഷ നിരകള്‍ നിറക്കുവാന്‍  
ആജ്ഞാപിച്ചൂ നീ ....!!

ആദിപിതാവേ നിന്‍ കനിവല്ലോ
ഈ കാണുന്ന സര്‍വവുമേ....!!
ആദിപിതാവേ നിന്‍ പോരുലല്ലേ
 ഈ ലോകം മുഴുവനുമേ ....!!

൧൦-൦൯-൨൦൦൬ ൧൦.൦൯ പീ എം                        
ബൈബിള്‍ ഗാനം-രണ്ട്

"ആദിപിതാവേ സ്തുതി "


ആദിയില്‍ ആകാശം ,ഭൂമിയും സൃഷ്ടിച്ച -
ആദിപിതാവേ  സ്തുതി ..!
അവിടുത്തെ  നാമം വാഴ്ത്തുന്നു ഞങ്ങള്‍
അനുഗ്രഹി ചചീടെണമേ ...!

ആദിയില്‍ ആകൃതി ഇല്ലാത്ത ഭൂമിക്കു -
ലാവണ്യമേകിയോനെ ...,
പകലിനെ ,രാവിനെ വേര്‍തിരിച്ചു -നീ-
പണിതുടങ്ങീ ,ഒന്നാം ദിനമൊടുങ്ങീ ...!!

ഉഷസ്സായി ,സന്ധ്യയായ്‌ ഉയിരാര്‍ന്ന ദിനമിതിന്‍ -
ഉയിരായി നിന്നവനെ ,
നിത്യയ്ഹോവയാം നിന്നെ സ്തുതിക്കുന്നു
സ്വസ്തികര്‍മാവേ,സകലേശനെ...!!
 ൧൦-൦൯-൨൦൦൬  ൧൧.൦൫ എ  എം

അമ്പാടിക്കണ്ണന്‍


അഞ്ജന ശിലയിലെന്‍ അമ്പാടിക്കണ്ണന്റെ-
മഞ്ജുളവിഗ്രഹം കണ്ടൂ ഞാന്‍ ..!
ആദിവ്യ രൂപത്തില്‍ ആത്മാവ്‌കൊണ്ട് ഞാന്‍
പാദാദികേശം നമിച്ചൂ..!!

തിരുമുടിമാലയില്‍ ഉദയസൂര്യന്‍ വന്നു -
ചിരിതൂകി നില്പ്പതു കണ്ടൂ...!
തിലകം തിളങ്ങുന്നനെറ്റിയില്‍ കാലത്തിന്‍ -
തിരകളിരമ്പുന്ന കണ്ടൂ .....!!

മണിമാറില്‍ അണിയുന്ന കൌസ്തുഭം മാനത്തെ-
പനിമതിയാണെന്ന് കണ്ടൂ....!
മഴയേന്തും മേഘത്തിന്‍നിറമുള്ള പൂമേനി -
മകരന്തമാണെന്ന് കണ്ടൂ...!!

കതിര്‍ചിന്തും കണ്‍പീലിശോഭയില്‍ സ്നേഹത്തിന്‍ -
ഉതിര്‍മണിമുത്തുകള്‍ കണ്ടൂ...!
ഹൃദയത്തിന്‍ നോവുകള്‍ എല്ലാംമറന്നു നിന്‍ -
സവിധത്തില്‍ കൈകൂപ്പി നിന്നൂ...!!


 

Monday, December 6, 2010

"രാജീവ ലോചനന്‍ "


വേദങ്ങല്‍ക്കൊക്കെയും വേദമം നീയെന്റെ  -
വേദന മാറ്റുന്ന വിഷ്ണുമൂര്‍ത്തി !
ചാരത്തണഞ്ഞ കുചേലന് ജീവിത-
സാഫല്യമേകിയ ചക്രവര്‍ത്തി ...!!

രാധതന്‍
രാഗാര്‍ദ്ര മാനസരാജീവം
ലാളിച്ചു
ര്‍ത്തിയ സ്നേഹശക്തി ...!!
രാഗേന്ദു പോലെ രണഭൂവില്‍ നന്മതന്‍ -
തേര്തെളിച്ചു നീ ധര്‍മമൂര്‍ത്തി....!!!

പീലിത്തിരുമുടി,ചെന്തളിര്‍ ചേവടി-
ഓടക്കുഴല്‍വിളി,നിന്റെ കേളി-
കാണുമാറാകണം കായാമ്പൂവര്‍ണന്റെ -
ലീലകള്‍ എന്നുമെന്‍ മാനസ്സത്തില്‍......!!!



 

കാവടിപ്രിയന്‍

   
തൈപ്പൂയ കാവടിയില്‍ ശ്രീ മുരുകന്‍ -
നീലമയില്‍ ഏറി വരും വേലായുധന്‍ ..!
കാലുകള്‍ക്ക് കനലാട്ടം ചെയ്തിടുന്ന വേളകളില്‍
കാത്തരുളി കനിവരുളും താരകാഹരന്‍ ...!!

വെള്ളിമല കുന്നുകളില്‍ വള്ളിമണാളന്‍ ‍,
കണ്ണുകള്‍ക്ക്‌ കുളിര്തരും മോഹന രൂപന്‍ ..!!
ഉള്ളില്‍ വന്നു നിറഞ്ഞെന്റെ അല്ലലെല്ലാം ഒഴിച്ച് നീ-
നല്ലകാലം അരുളുന്നോന്‍ പാര്‍വതീസുതന്‍ ..!!

പവിഴമണിച്ചുണ്ടുകളില്‍ പുഞ്ചിരിയോടെ ,
പകലവന്റെ കാന്തിയാര്‍ന്ന പൂവുടലോടെ
അരുകില്‍ വന്നനുഗ്രഹിച്ചു ദുരിതമെല്ലാം ഭസ്മമാക്കി
തരിക പുതിയ പുണ്യജന്മം ശ്രീകുമാരകാ...!!!
 

Sunday, December 5, 2010

ശ്രീ ഗണപതീം നമ:

"ഒരു കൊമ്പും തുമ്പിയുമായ് അമരുന്ന ഗണപതീ-
തിരു മുന്‍പിലെന്‍ പ്രണാമം..!
ഒഴുകുന്ന കാരുണ്യ നദിയില്‍ നിന്നടിയന്റെ -
തൊഴു കൈയില്‍ അല്‍പ്പം തരേണം ..!!

സകലതും വിഘ്നേശ്വരാ തവ കരാംബുജത്തിന്റെ-
തണലില്‍സഫലമാകുന്നു..!!
പഴവങ്ങാടിയില്‍ നിന്റെ ഭക്തരെത്തി നമിക്കുമ്പോള്‍-
പരമ്പൊരുള്‍ നീയരുളുന്നു- ഗണേശാ -
പരിചോടനുഗ്രഹിക്കുന്നൂ ..!!!

വിമലം നിന്‍ മുഖമാകും കമലം എന്‍വിനായകാ-
ഹൃദയത്തില്‍ നിറയും നേരം
കരിമുകില്‍ അകലുന്ന ,പകലവന്‍ തെളിയുന്ന-
പുതുമാനമാകുന്നൂ മനം...!!! "
 

Saturday, December 4, 2010

മണികണ്ഠന്‍

  
"ദേഹബലം തന്നേ കാക്കും ,ദേവനിരുന്നരുളും
പൂങ്കാവനമിത് തേടിവരുന്നേ പുണ്യം നേടുന്നെ
പാദബലം തന്നേ പാവം ഭക്തനില്‍ അണയുന്നേ
പാര്‍വണശശികല പോലെവിളങ്ങും പാര്‍വണ മുഖകമലം!

പമ്പാതീര്‍ഥത്തിന്‍ സ്നാനം പാപം കഴുകുന്നേ,
പമ്പാ ഗണപതി ദര്‍ശനമെന്റെ വിഘ്നമൊഴിക്കുന്നെ..,
ശങ്കര നന്ദനനെ കാണാന്‍ ,ശബരീഗിരി കയറാന്‍
ശരണം തരണം സകലാശ്രയ നിന്‍ സന്നിധി പൂകീടാന്‍ ..!

കഠിനവ്രതം കൊണ്ടേ ഹൃദയം പരിപാവനമാക്കി ,
കരളില്‍ അയ്യാ നിന്നെയിരുത്തി പൊന്നമ്പലമാക്കി..!
പല വഴി താണ്ടീട്ടെ ഞങ്ങള്‍ പടി കയറാന്‍വന്നെ-
പരമേശ്വരസുത ദര്‍ശനമേകാന്‍ മടി കാണിക്കരുതേ ...!!!

പരം പൊരുള്‍


അച്ഛന്‍ കോവിലിലും ആര്യന്‍ കാവിലും
അമരും പരം പൊരുളേ...,
കുളത്തൂപ്പുഴയിലും , കാന്തമലയിലും,
ആണ്ടവന്‍ നീ താനല്ലേ?! അയ്യപ്പാ .......

ശംഖ്പുഷ്പ മിഴിയുമായ് ,ശബരി മലയില്‍ സ്വസ്തി -
ബന്ധനത്തിലിരുപ്പവനെ..!
ഹരിവരാസനം കേട്ട് മയങ്ങി ഉണരും നിന്റെ -
തിരു ചരണങ്ങള്‍ തൊഴുന്നേന്‍ .......!

കരളിലെ പൂത്താലത്തില്‍,..കര്‍പ്പൂരപ്പൂക്കളുമായ്
കരം കൂപ്പി ഞാന്‍ അണയുമ്പോള്‍
കനകാഭ ഒളിച്ചിന്നും കമനീയാനനം തന്നില്‍ -
കതിരിടും ചിരിതൂകുമോ ? അയ്യാ -
കലിയുഗ വരമേകുമോ ....?!!
 

Wednesday, December 1, 2010

വിശ്വ മോഹിനി

 
വിശ്വ മോഹന ഗാനം പാടും
വൃശ്ചികമാസ കുളിര്‍ കാറ്റേ...,
നൃത്തം വയ്ക്കും പൂവുകളോടി-
ന്നെന്തേ നിന്നുടെ സല്ലാപം !

ചിത്രാ പൌര്‍ണ്ണമി രാവിന്‍ ഹൃദയം
സപ്തസ്വര ലയ സംഗീതം..!
ശില്പമനോഹരിമാരുടെ നൂപുര-
ഹൃദ്യാലാപന ഭാവലയം ..!!

ആകാശത്തിലൊരായിരമായിര -
മഞ്ചിത മിഴികള്‍ തുറക്കുമ്പോള്‍ ;
താഴെ തരളിത യുവ ഹൃദയങ്ങളില്‍ -
നീളെ കനവുകള്‍ കതിരണിയും ..!!

ശാശ്വത സ്നേഹം


ഭാരം ചുമന്നും ദേഹം തളര്‍ന്നും
ഞാനെത്തിടുന്നു ദേവന്റെ ചാരെ ...
ഈശോ നിന്‍ കൈകള്‍ ഏകുന്ന സ്നേഹം
ഈ മണ്ണിലെന്നും ശാശ്വത സ്നേഹം ....

ഏഴകള്‍ക്കെന്നും നീയേകിടുന്നു
ഏറെ നിന്‍ സ്നേഹം ഇപ്പോഴും നാഥാ....
പാടുന്നു ഞങ്ങള്‍ പാരില്‍ നിന്‍ നാമം
പാപികള്‍ക്കെല്ലാം  മോചനമന്ത്രം ....

നിന്‍ തിരുപ്പാദങ്ങള്‍ നിത്യം കഴുകാന്‍
എന്‍ മിഴി നീരാം ലേപനം മാത്രം ..
നിന്‍ തിരുപ്പാദത്തിലര്‍പ്പിക്കുവാനെന്‍ -
നിത്യമെന്‍ ഭക്തിതന്‍ പുഷ്പങ്ങള്‍ മാത്രം .....

"ശിവഗിരി നാഥന്‍ "


ശിവഗിരി കുന്നാകെ നിറയും ശിവത്തിനും -
പൊരുളായ ശ്രീ ഗുരുദേവാ .....
ശിവശിലാ വിഗ്രഹം അരുവിപ്പുറത്തിനും ,
അധമനും ചൈതന്യമേകി....!

പുതിയൊരു വിപ്ലവ പുലരിയാല്‍ നാടിന്റെ -
മനമാകെ തൊട്ടങ്ങുണര്‍ത്തി.,
പതിതനും പരമനും പ്രണവാശ്രു തൂകുവാന്‍ -
ഗുരുവേകി പുതിയമ്പലങ്ങള്‍....!!

ഇനിയെത്ര പുരുഷാര്‍ത്ഥം ഓടിമറഞ്ഞാലും,
തെളിയും നിന്‍ ചൈതന്യപൂരം..!!
ഇനിയെത്ര സുരയൂഥം മിന്നിപ്പൊലിഞ്ഞാലും-
അണയില്ല ഗുരുവിന്‍ പ്രകാശം ..!!

അത് നയിക്കട്ടൊരു പുതിയയുഗത്തിന്റെ
പിറവിയിലേക്കെന്റെ ജന്മം ,
അതുലപ്രഭയതില്‍ മുഴുകട്ടെ ലോകമിന്ന്‍-
ഇരുളാകെ വെടിയട്ടെ മേലില്‍ ...!!!   

 

"വചനമായ് വന്നവന്‍"


വചനമായ് ആദിയില്‍ വന്നവനെ,
വരദാന ജന്മം എടുത്തവനെ,
മിശിഹയായ്പാപ വിമോചകനായ്
മനുഷ്യ രൂപത്തില്‍ പിറന്നവനെ ..!

കരുണ തുളുമ്പും മിഴികളോടെ,
അധരങ്ങളില്‍ ദിവ്യഹാസമോടെ ,
കനിവിന്റെ നാഥന്‍ പിറന്ന പുല്‍കൂട്ടിലെ-
കറുകപ്പുല്‍ നാമ്പാകാന്‍ ഞാന്‍ കൊതിപ്പൂ ..!!

അറിയാതെ ചെയ്തോരെന്‍ പാപങ്ങളില്‍-
അനുതപിക്കുംപോഴേ നീ വരുന്നൂ ..,
അവിടെ നിന്‍ സിംഹാസനത്തില്‍ സ്നേഹത്തിന്റെ-
പുലരി വെളിച്ചം തിളങ്ങിടുന്നൂ...!!
-

Tuesday, November 30, 2010

ദൈവത്തിന്‍ സ്നേഹം



ദൈവത്തിന്‍ സ്നേഹം അപാരം!
ദൈവത്തിന്‍ സ്നേഹം അവാച്യം!
ദൈവത്തിന്‍ സ്നേഹം അതുല്യം!
ദൈവത്തിന്‍ സ്നേഹം നിസ്വാര്‍ഥം !

ദൈവമേ നിന്‍ സ്നേഹം  എല്ലാം തരും സ്നേഹം -
എന്നുമെന്‍ ആത്മാവിന്‍ ഗീതം..
മനസ്സിന്‍ പൂവാടിയില്‍ വടരുന്നു,ദീനരില്‍-
ദയ ചൊരിയിന്നു നിന്‍ സ്നേഹം!!

പകരം തരാനൊന്നുമില്ലെങ്കിലും നിന്റെ-
തിരു കരങ്ങള്‍ കാത്തിടുന്നു!
പനിനീര്‍പ്പൂ പോലെ നിന്‍ ഹൃദയം ചൊരിയുന്ന -
പരിമളം ഞാനറിയുന്നു!

ഒരു പാറപോലെ ഞാന്‍ നിന്നെ അറിയുകില്‍-
ഒരു സ്വര്‍ഗം ഏകിടുന്നോന്‍-നീ
ഒരു മകനായി ഞാന്‍ നിന്നടുത്തെത്തുകില്‍
സകലതും നലകിടുന്നോന്‍

അവിടുത്തെ തിരുമുന്‍പില്‍ സകലവും കാഴ്ച്ച വ-
ച്ചിടയനെ പ്രാര്‍ഥിക്കുംപോള്‍,
ഒഴുകുന്ന കണ്ണീരില്‍ പാപങ്ങള്‍ പരിതപി-
ച്ചൊഴുകി ഞാന്‍ ശുദ്ധനാകും!!

ദേവാ നിന്‍ പാതയൊരുക്കി


ദേവാ  നിന്‍ പാതയൊരുക്കി
സ്നാപക യോഹന്നാന്‍
പൂക്കാലം മാലയൊരുക്കി 
നിന്നെ വരവേല്‍ക്കാന്‍  ‍....!

ദീനര്‍ക്കായ് നീ പിറന്ന
ദിനം പിറന്നല്ലോ....
മിശിഹാ നിന്‍ മുഖദീപത്തിന്‍
ശോഭ പരന്നല്ലോ...!

ഹാലേലൂയ പാടുന്നു
കാട്ടരുവികള്‍ പോലും
കാനായിലെ വീഞ്ഞിന്‍  മധുരം
കരളിന്നുത്സാഹം ...!

കാതോര്‍ക്കുകയാണെന്‍ നാഥാ
ഇനിയും നീ വരുവാന്‍
ഉണ്ണീശോയ്ക്കൊരു പുല്‍ക്കൂടാകാന്‍
ഹൃദയത്തിനു മോഹം....!

പരിശുദ്ധാത്മാവേ ....


ആത്മാവിലേഴുദാനങ്ങള്‍   നിറയ്ക്കുന്നോ-
രാശ്വാസ ദായകനേ.....
പുണ്യപ്രകാശം പരത്തിയെന്‍ ജീവനില്‍
ദൈവത്തികവേകണേ ...!

പരിശുദ്ധരൂപിയാമവിടുത്തെ നിറവിനാല്‍
പാപമാകന്നീടുമ്പോള്‍ .......
പാമരന്‍ പോലും പ്രവാചകനാകുന്നു
കൂരിരുള്‍ നീങ്ങീടുന്നു.....!

ആത്മാവിന്‍ ജീവനും കല്യാണവസ്ത്രവും
ഈശ്വര സ്നേഹവും നീ ......
ആഴിയപാരതയ്ക്കുള്ളില്‍ നയിക്കുന്ന-
തോണിയും പ്രാണനും നീ....

Thursday, November 25, 2010

ആകാശപ്പൂവാടിക

"അനന്തകോടിപ്പുക്കള്‍ വിരിയും
ആകാശപ്പൂവാടികയില്‍
അനംഗനേന്തും നവമാലികപോല്‍
വിരിഞ്ഞു നില്പ്പു ശശികല നീ !

അഴകാര്‍ന്നമൃത് പൊഴിക്കുകയല്ലോ
ഹരി ചന്ദനമായ് ,ചന്ദ്രികയായ്
നിഴലിന്‍ തോഴനോടൊത്ത് കളിക്കേ
നിയതം നീയൊരു മാലാഖ !

നിളയുടെ മാറില്‍  നീ  വീഴുമ്പോള്‍
തെളുതെളെ മിന്നും പുത്തിരിപോള്‍
ഇരുവെ
ണ്‍ ചിറക് വിരിച്ചു പറക്കും
കിളിപോല്‍ കിന്നര കന്യകപോല്‍  ..!"


കുമാരനാശാന്‍


 
കായിക്കരയില്‍ കാവ്യാങ്കുരമായ്
കാലം തന്ന വിഭാതമേ .....
ശ്രീനാരായണ ഗുരുസന്നിധിയില്‍
ശ്രീലകമാര്‍ന്ന പ്രകാശമേ ....

 നമിക്കയാണൊരു സംസ്കാരത്തിന്‍
ചരിത്രമെഴുതിയ കുമാരനെ...
നമിക്കയാണൊരു    യുഗ വിശ്വാസം
തിരുത്തി എഴുതിയ കുമാരനെ .....

ഒരു പൂവിനാല്‍ കരയും മിഴിയില്‍ -
കരുണരസത്തിന്‍ തിരനോട്ടം
പ്രണവം പുത്തൊരു കരളില്‍ വിശ്വ -
പ്രണയം ,സ്നേഹം ,സായുജ്യം !

തുലികയൊന്നു ചലിച്ചാല്‍ ഭുവില്‍ -
തുമിഴി വിടരും കാവ്യസുമം
തുമുത്തുകളുടെ സുന്ദരഹാരം
തുയിലുണരുന്നു സംഗീതം ....!

Wednesday, November 24, 2010

പാഥേയം


പാതികഴിച്ച പൊതിച്ചോറ്
പാതിരാകൂമന്റെ താരാട്ട് ..!
പാഴ്നിലപ്പുല്ലിന്‍ നെറുകയില്‍ വേര്‍പ്പിന്റെ -
പാട ഉണങ്ങിയിട്ട് ഉപ്പുകൂട്ടു !

ഭാരതം മക്കളെ പായിലിരുത്തുന്നു
ഭാവിതന്‍ കൈരേഖ നോക്കുന്നു ..,
പാടങ്ങള്‍പോലെ പരന്നോരാ കൈകളില്‍
പാടെ ചെളിയും നിണക്കറയും..!

കാലം തെളിയുന്നു കൈകളില്‍ ,കണ്ണുനീര്‍
കൂലം കുത്തിയൊഴുകുന്നു
കാലികള്‍ക്കാകെ വയര്നോവ്
കരിയുന്ന സത്യത്തിന്‍ തിറയാട്ട് !
കളിയല്ല കാര്യമാണെല്ലാമെല്ലാം 
കിഴവന്റെ കനവിലും കൌമാരം !
കൌമാരം  നാല്ചുവരുകള്‍ക്കുള്ളിലും
കലികാല ചെപ്പിലും കരിയുന്നു !

  എരിയുന്ന സ്വാതന്ത്ര്യം എണ്ണയില്ലാത്തൊരു
നിലവിളക്കിന്‍ തിരിച്ചന്തത്തില്‍ !
എവിടെ സത്യത്തിന്നുദയാര്ക്കന്‍ !
എവിടെ  നീതിതന്‍ ഗണനാഥന്‍ !

കവികള്‍ക്കും കാമുകരാകണം സമ്മാന -
പൊതിയില്‍ വെറും പുകയെന്നാലും !
ചരടിലെ കൈവിരല്‍ കാണാതെ പുഞ്ചിരി -
ച്ചുണര് വോടെ   നില്‍ക്കുവോര്‍ക്കാനന്ദം !

പുറകിലെ കീശയൊരു പുല്ലോര്‍ക്കുടംആക്കി
പുതിയ ധന്വന്തരി എത്തുമ്പോള്‍,
എഴുന്നേറ്റ് പോകുന്നു പാവങ്ങള്‍ വഞ്ചിയില്‍
എരിയുന്ന  തുട്ടുകള്‍ അര്ച്ചിക്കാന്‍ !

സടകുടഞ്ഞുയരുന്ന സര്‍ക്കാര്‍സിംഹത്തിന്‍
സകല രോമങ്ങള്‍ക്കും സായൂജ്യം !
മലയാളമാനസ്സ മംഗല്ല്യത്താളുകള്‍
ഫയലുകള്‍ആക്കും വിധാതാക്കള്‍
അറിയുന്നില്ലായിരം ജീവിത ദുഃഖങ്ങള്‍
വരിയുന്ന നാടയില്‍ പിടയുന്നൂ !

നീതിക്ക് ചോരനിറം കൊടുക്കാന്‍
കാക്ക കോലംകെട്ടി കരഞ്ഞു പോയാല്‍
നീളത്തില്‍ നീട്ടുരമൊന്നു കിട്ടും -പിന്നെ -
നീളെനടത്തും പെരുവഴിയില്‍ ...!

ചിരികള്‍ക്ക് പിന്നിലെ ചിത മറച്ചേ കൂളി -
പ്പടനയിപ്പോര്‍ തിമര്ത്തെത്തുംപോള്‍
വലിയസിംഹാസനം കനവില്‍ ചുമന്ന്‍ കൊണ്ട -
ലയുന്നോരാത്മാവ് തെളിയുന്നു ...!

ഇടതുകാല്‍ മുന്നോട്ടു വച്ചേ പോയവര്‍
വലതുകാല്‍ കുന്തിക്കളിക്കുന്നു !
അതുപോലെതന്നെ തിരിച്ചും കാണാം
പരമാര്ധ ത്യാഗത്തിന്‍ ഭാഗധേയം ...!

ഇവരൊക്കെ നിന്മക്കള്‍ ചുവരുകള്‍ക്കുള്ളിലെ
കളിയരങ്ങത്തെ കളിക്കൂട്ടര്‍!
ഫയലുകല്‍ക്കുള്ളിലെ പൈങ്കിളി കഥയൂമായ്
സമയംകഴിക്കുന്ന മേലാളര്‍ ..!

പൊതുജനത്തിന്‍ വേര്‍പ്പ്തുള്ളികള്‍ക്കുള്ളിലെ
മണിമന്ദിരങ്ങളില്‍ വാഴുന്നോര്‍ !
ഇടതടവില്ലാതെ വാചകമേളയില്‍
ചൊരിയുന്ന മാലിന്യം കൂടുന്നു !

ഹൃദയത്തുടിപ്പിന്റെ നേരിലും നെറിയിലും
ഹിമകണം പേറുന്ന പാവങ്ങള്‍
ഇവിടുത്തെ ചെങ്കോല്കയ്യാളുവോര്‍ കാട്ടു -
മിരുള്‍നാടകം കണ്ടു ഞെട്ടുന്നു ...!








മുരളീഗാനം


ഗുരുവായുരപ്പാ നീയെന്‍ 

മനസ്സിലെയമ്പലത്തില്‍
മുഴുക്കാപ്പ്
ചാര്‍ത്തിയെത്തുമ്പോള്‍ 
 മുഖദീപം പൊഴിക്കുന്ന 
മൃദുമന്ദഹാസത്തിലെന്‍  
ഹൃദയ ദുംദുഭി ഉണരും-എന്റെ -
തനുവാകെ കുളിരണിയും....!

ഒരുകോടി ജന്മങ്ങളായ് 

അവിടുത്തെ പദതാരില്‍
അമരും പരാഗമെന്‍മനം
കളഭകൂട്ടണിയുമ്പോള്‍ ,
മനികാഞ്ചി ഉണരുമ്പോള്‍ ,
സഫലമെന്‍ ജനിമോഹങ്ങള്‍ -നിന്നെ -
കണികാണും ശുഭയാമങ്ങള്‍ !

മുകില്‍ വര്‍ണ്ണന്‍ പൂന്താനത്തിന്‍ -
മധുവുണ്ട് മയങ്ങുമ്പോള്‍
കുനുകുന്തളം തലോടും ഞാന്‍
മുരളിക പൊഴിക്കുന്ന 
കളഗാന നദിയിലെന്‍ -
മനംഒരാലിലയായിടും -കണ്ണാ -
അറിയാതെ ഞാനോഴുകും ! 

അയ്യപ്പനല്ലാതെ ഒന്നുമില്ലാ

അയ്യപ്പനല്ലാതെ   ഒന്നുമില്ല   പാരില്‍ -    
അയ്യപ്പനില്ലാത്തതൊന്നുമില്ല !
ആദിമധ്യാന്തങ്ങലെന്നതില്ല -വിശ്വമാകെ-
നിറഞ്ഞു നീയല്ലാതില്ല...!

ആത്മബോധത്തില്‍ കടുംതുടിയില്‍ -കേള്‍ക്കും-
ആദ്യമന്ത്രാക്ഷര ശംഖൊലിയില്‍ ,
ആരണ്യവാസ കാരുണ്യ പുരം -ഭാവ -
കോടിയില്‍ പുത്തോരഭാവസുനം ! !.

താരകള്‍പുക്കും അനന്തതയില്‍ -പുഷ്യ-
രാഗം വിരിഞ്ഞ സരോജിനിയില്‍,
പാടും കിളികള്‍തന്‍ കൂജനത്തില്‍ -നിന്റെ-
നാമം മുഴങ്ങുന്നു ദേവ ദേവാ ....!!!

Monday, November 22, 2010

   കുസൃതി കണ്ണന്‍

കരളിലെ കര്‍പ്പൂര ദീപം തെളിച്ചു ഞാന്‍ -
കരിമുകില്‍ വര്‍ണ്ണന്റെ വദനം കണ്ടു ..,
കനകാംബരപ്പൂക്കള്‍ മനസ്സില്‍ വരച്ചു ഞാന്‍ -
ഗുരുവായൂരപ്പന്റെ നയനം കണ്ടു ..!

അടിയനാത്തിരുമുടി അണിയിച്ചോരുക്കുവാന്‍
അകമലര്‍മാല കൊരുത്തു വന്നു
അലങ്കാര പൂജയിലായിരുന്നെന്നും നീ
അറിയാത്ത ഭാവം നടിച്ചിരുന്നു -നീ -
നടയടച്ചപ്പോള്‍ അകത്തിരുന്നു !

കവിളിലെ കള്ളച്ചിരി കണ്ടു  ഞാന്‍  നിന്റെ
കുസൃതികളൊക്കെ കിനാവ്‌ കണ്ടു ...
മനതാരില്‍ ഇപ്പോഴും നീ  വന്നു  പോന്നോട -
ക്കുഴലൂതി ഗാനം പകര്‍ന്നു     തന്നൂ -എന്റെ -
സ്വരമാകെ നീ  മാത്രമായിരുന്നു .....!


Sunday, November 21, 2010

പുഷ്യരാഗം

നിന്‍ മണിചുണ്ടുകള്‍ പുഷ്യരാഗം .
നീള്‍ മിഴിപ്പൂവുകള്‍ ഇന്ദ്രനീലം ,
നിത്യ വസന്തമേ നിന്‍  ഹൃദന്തം
നിസ്തുല പ്രേമത്തിന്‍ ചന്ദ്രകാന്തം !

എത്തി നീ എത്തി  നീ എന്‍ മനസ്സില്‍ -ഒരു -
ചിത്രപതംഗം കണക്കെ !
തപ്തവികാരം വിതുമ്പി നില്‍ക്കുന്നൊരു -
സ്വപ്നമരാളം കണക്കെ ..!

എന്റെ മോഹങ്ങള്‍തന്‍ പുഷ്പതല്‍പ്പത്തില്‍ നീ
എന്നുമെന്‍ ചാരത്തുറങ്ങി
എന്റെ  വിരല്‍ത്തുമ്പു ലാളിച്ച സൌഭാഗ -
സംഗീതമായ് നീയുറങ്ങി ...!

Saturday, November 20, 2010

പൊന്‍തൂലിക


 

കാവ്യം രചിക്കുമീപ്പേനയെന്‍ ഹൃത്തിലൊരു -  

വേദനയുടെ വേനല്‍ വിതയ്ക്കുമ്പോള്‍

മൂകം തേങ്ങുമെന്‍ അന്തരാളത്തിലീ -
മായാത്ത ചിത്രം തിളങ്ങുന്നു ...

എന്നോ പോയൊരെന്‍ കൗമാര വാസര-
പ്പൊന്‍പൂക്കളില്‍ മനം പായുന്നു.
അക്കലാശാലതന്‍ പ്രൌഡി  പോലെന്‍ ഗുരു-
വ്യക്തിത്തമാര്‍ന്നു വിലസുന്നു...

ആരാധ്യന്‍ ഗുരു.....ആദരാര്‍ഹന്‍ ഗുരു...
സ്നേഹത്താല്‍ മൃത്യു ജയിച്ചോനും.
എന്നും ഞങ്ങള്‍ക്കൊരാവേശം ഗുരു
ഇപ്പോഴും ഞങ്ങളിലാമോദം .....


*    *    *      *      *       *       *        *        *

വര്‍ഷങ്ങളെത്ര  കടന്നുപോയ്  ,ജീവിതം
വര്‍ഷവസന്തങ്ങളെത്ര കണ്ടു.....
ആകസ്മികമായിരുന്നാ സംഗമം
ക്ഷീണിതനെന്‍ ഗുരു കണ്മുന്നില്‍ ....!

ഏതോ മാരക രോഗം ചവച്ചോരാ -
പ്രാകൃത രൂപം കണ്ടു ഞാന്‍ ...
കൈയ്യെത്തും ദൂരത്ത്‌ നില്‍ക്കുന്ന മൃത്യുവിന്‍ -
കൈവിലങ്ങേല്‍ക്കാന്‍ തയ്യാറായി .....

നിസ്സംഗനായ്  , നിശബ്ദനായ്  ദു;ഖത്തിന്‍
കൈപ്പുനീരാവോളമുള്ളിലാക്കി .
ശബ്ദ സ്വരങ്ങളുയരാത്ത കണ്‍റത്തില്‍
മുട്ടിത്തടഞ്ഞു  ഗദ്ഗദങ്ങള്‍ ......!

ശോഷിച്ച കൈയ്യെന്‍ ശിരസ്സില്‍ ചാര്‍ത്തി
ആത്മാവിലെന്തൊരനുഭൂതി ....!
കുഞ്ഞു വിരല്‍ പിടിച്ചാദ്യ മന്ത്രാക്ഷരം
അന്നുരചിച്ചോരനുഭൂതി...!

*    *   *     *    *     *     *      *     *      *     *

കണ്ണു നിറഞ്ഞും വിറയ്ക്കും കരത്താ-
ലന്നെനിയ്ക്കേകി ഈ പൊന്‍പേന ....
ധന്യ മുഹൂര്‍ത്തങ്ങളെന്നിലുണര്ത്തും
ജന്മാവേശമാം പൊന്‍പേന .....!
അക്ഷരജ്വാലകളര്‍ത്‌ഥങ്ങളൊക്കെയും
തപ്തമുറങ്ങുമീപ്പൊന്‍പേന...!

താളില്‍ തത്തിക്കളിക്കുമ്പോഴും  പേന
ദീനം തേങ്ങുന്നതെന്തേ ...?
പോയിമറഞാലുമെന്നെ ഞാനാക്കുമീ
പ്പേനയിലെന്‍ ഗുരുവുണ്ടിന്നും ....!

Friday, November 19, 2010

കര്‍പ്പൂരപ്രിയന്‍

നയനങ്ങള്‍ക്കഞ്ജനമെഴുതുന്ന ദര്‍ശന -
മരുളുന്ന കര്‍പ്പൂര പ്രിയനേ ..
ശരണം വിളിച്ചെനിക്കണയുവാന്‍ നീ ബലം
തരണമെന്‍ പാദങ്ങള്‍ക്കയ്യനേ!

അഴുതയില്‍ മുങ്ങിയെടുത്തോരീ കല്ലിലെന്‍ -
അമരാത്ത മോഹങ്ങള്‍ ഉണ്ടേ ..!
അത് കല്ലിടാംകുന്നില്‍  ഇട്ടിറങ്ങുമ്പോള്‍
അകതാരില്‍ ആനന്ദ മു
ണ്ടേ    ..!

കരിമല കയറി ഇറങ്ങുന്നതെത്രയും -
കഠിനമാണെങ്കിലും അയ്യാ ,
കരുണാമൃതം തൂകി  ദേഹബലം തരൂ -
കരതാരി ലേറ്റി നീ  പോറ്റു .....!

അജന്താ ശില്‍പ്പങ്ങള്‍

അജന്താ ഗുഹയിലെ ചിത്രങ്ങളേ ...,
അതികമനീയമാം ശില്‍പ്പങ്ങളേ ...,
ആരാരു നിങ്ങള്‍ക്കു തന്നിതനശ്വര -
ദേവത തന്‍ മന്ദഹാസം !

മാരനെ ഉണര്‍ത്തുന്ന സുഗന്ധവുമായ് -മണി -
മാറിലോ കുംകുമ തിലകവുമായ്
ഏതൊരബ്സീനിയന്‍ സുന്ദരി നിങ്ങള്‍തന്‍
മാതൃകയായ് മുന്നിലിരുന്നു -ശില്‍പ്പി -
ക്കീവിധം നിങ്ങളെ ഒരുക്കാന്‍ ..!

അവളുടെ അവയവ സൌഭാഗമാണോ ,
അനവദ്യ സൌന്ദര്യമാണോ
അവളിലെ അംഗനാ വൈഭവമാണോ
അവനന്നു നിങ്ങളില്‍ തൂകി ..ശില്‍പ്പി -
അന്നസുലഭ നിര്‍വൃതി നേടി .....!


തൃക്കലഞ്ഞൂരപ്പന്‍

ഓം   നമ:ശിവായ  ശങ്കരനെ ,  
ഓംകാരസ്സംഭവനേ ത്രിക്കലഞ്ഞൂരപ്പനെ..,
അത്തിരുവടികള്‍ കണ്ടു വണങ്ങാന്‍
എത്തിടുന്നവര്‍ക്കഭയം നീയെ ,

അമ്പിളിധരനെ,   അംഗജരിപുവേ
അന്ജിത ഭാല വിലോചനനേ ..         
നടനം ചടുലം നടേശനെ
പാര്‍വതനന്ദിനി തന്‍ പ്രിയനേ                   

ഭൂതഗണാധിപ , ഭുല്ലമൃദുസ്മിത ,
ഭുവന ത്രയ പതിയേ ശരണം                  
ഭവം എന്‍ ദുരിതം   ഭസ്മമതാക്കാന്‍        
ഭഗവല്‍ ചരണം ശരണം ദേവാ ......               

Wednesday, November 17, 2010

സ്വാമിസന്നിധാനം

കുനുകുനുന്നനെ കാട്ടുപൂക്കള്‍
തിരി കൊളുത്തുന്ന മേടുകള്‍ ,
കുട മണിക്കുരുന്നൊലിയുലാവുന്ന -
മകരസംക്രമ വേളകള്‍ !

മനസ്സില്‍ നെയ്‌വിളക്കൊളി തെളിക്കുന്നു
മണികണ്ടാ  നിന്റെ തിരു രൂപം ..!
മതിവരുംവരെ ചരണദര്‍ശനം
തരണമേ ശരണ ദായകാ ...!

കരുണ ചൊരിയുമാ മിഴികളും -നിന്റെ -
അരുണ സുന്ദര വദനവും ,
കലിയുഗം തന്നില്‍ ഒരു പുണ്യം നേടാന്‍
കരങ്ങള്‍ കൂപ്പുന്നു ഭഗവാനെ ......!

Monday, November 15, 2010

ശ്രീനാരായണ യോഗീശ്വരാ മംഗളം ,-

മണിവീണകളുയരട്ടെ ഞങ്ങടെ
മനസ്സില്‍ തവപദമണയട്ടെ
പാവനമാം നിന്‍ ചരിതത്താല്‍

പാരില്‍ നിലാവു പരക്കട്ടെ
ഞങ്ങളുടെ നാവില്‍ ദേവനുദിക്കട്ടെ ....
ഗുരുദേവാ ...ഗുരുദേവാ ...ഗുരുദേവാ ...


കരുണയ്ക്കുറവാം അവിടുന്നൊരു
പുതുമലരായ് വന്നു പിറന്നാലും
പരിശുദ്ധാഭ വിതയ്ക്കും ചിരിയാല്‍
പാരിനു ശാന്തി   പകര്‍ന്നാലും ....
ഗുരുദേവാ .....ഗുരുദേവാ ...ഗുരുദേവാ ..

ഗുണകര ഭക്തപ്രിയനാം ഗുരുവി -
ന്നടിമലര്‍ കുമ്പിട്ടടിയങ്ങള്‍
പാടാനനുമതി തേടട്ടെ നിന്‍ -
പാവന ചരിതം പാടട്ടെ ....
ഗുരുദേവാ  .....ഗുരുദേവാ ...ഗുരുദേവാ ..

ബക്രീദിന്‍ പുണ്ണ്യദിനം

പൊന്നും പൂവുമണിഞ്ഞു വരുന്നു-
ണ്ടിന്നും ബക്രീദിന്‍ പുണ്ണ്യദിനം !
മിന്നും സ്വര്‍ഗ്ഗ മൃഗത്തെ യെടുത്തുകൊ -
ണ്ടെന്നും  നില്‍ക്കുന്നു ജബ്രീല്‍ ( ആ )

എല്ലാമെല്ലാം അള്ളാവിന്‍  കൃപ
എന്നീമാനവരോര്‍ക്കേണം
മണ്ണില്‍ നമുക്കുള്ളതെന്തും ത്യജിക്കുവാന്‍
മാനസം വിശ്വാസമാളേണം

ഇബ്രാഹിം നബി ചിന്തിചോരാബലി
ഇന്നും നമ്മിലൂണര്ത്തുന്നു
ഇക്കാണും സര്‍വവും സൃഷ്ടിച്ചവനുടെ -
ഇംഗിതമൊന്നേ പോറ്റെണ്ടു !




സ്വാമിയേ ശരണം...

അംബിളിക്കല ചുടുമീശ്വര -
നന്ദനാ ഹരിനന്ദനാ
അഞ്ചിതാഭ കലര്‍ന്ന നിന്‍ കഴല്‍
കുമ്പിടുന്നു ഗിരീശ്വരാ


പണ്ടു ശങ്കര മോഹ ഹേതുവില്‍
മോഹിനീ സുതനായി നീ
പന്തളത്തരചന്നു മാനസ -
പുത്രനായി വളര്‍ന്നു നീ ...


പാരില്‍ നന്മ പുലര്‍ത്തുവാന്‍
അവതാരമാണ്ടവനാണ് നീ
ഘോരമാം വിഹിനാന്തരേ പുലി -
പ്പാലിനായി ഗമിച്ചു നീ 


ദീന രക്ഷക ദിക്കിലൊക്കെ
നിറഞ്ഞ നിന്‍ പുകള്‍ കേള്‍ക്കവേ ...
മാനസത്തിലെ മകര സംക്രമ -
പൂജ പൂക്കള്‍ വിടര്‍ത്തിടും ...!

സര്‍വ്വ മംഗള ദായകാ വര-
ദായകാ ഹരിനന്ദനാ...
ഗര്‍വമൊക്കെയകറ്റിയെന്നില്‍
വിളങ്ങണേ ശബരീശ്വരാ .....!

സൌപര്‍ണികേ ഒഴുകൂ .....

    
സൌപര്‍ണികെ ..സൌപര്‍ണികെ
സുരലോകാമൃതെ ,സലിലധരെ
സപ്തസ്വരങ്ങളാല്‍ എത്ര രാഗങ്ങള്‍ പാടി -
സരസ്വതീ സ്തോത്രം ചൊല്ലി ഒഴുകുന്നു നീ .....!

കരിമ്പാറ രുദ്രാക്ഷത്തിന്‍ ജപമാല അണിഞ്ഞു നീ
ലളിതാ സഹസ്രനാമം ഉരുവിടുമ്പോള്‍
ത്രിപുര സുന്ദരിയായി , ത്രൈലോക്യ ശക്തിയായി
തിരു അവതാരം ചെയ്യും മൂകാംബിക !

അറിവിന്റെ വരദാനം , അമ്മെ നിന്നപദാനം
അനുപദം അരുളുന്ന മഹിതദാനം
ഉദയഗിരിയില്‍ മുടിമണിയായി വൈഡൂര്യമാം
ഉദയാര്‍ക്കന്‍ പുലരിയില്‍ ഉയരുമ്പോഴും ,

പകലിന്റെ പടിവാതില്‍ അടയ്ക്കുവാനന്തിയെത്തി -
പകലോനാം മാണിക്യത്തെ മറക്കുംപോഴും
സുരനദീ സൌപര്‍ണികെ  ഒഴുകുന്നു  നിത്യം നീയും
മൃതസംജീവനിയാകും ഹൃദയമോടെ ...!    

നിന്റെ രാജ്യം വരേണമേ ...

നിന്റെ രാജ്യം വരേണമേ ...
നിന്റെ  സ്നേഹം തരേണമേ ....
നിന്റെ  മാര്‍ഗേ നടത്തേണമേ ....
നിന്‍ പ്രകാശം നയിക്കേണമേ ....

നീതിക്കു വേണ്ടി വിശക്കുവോന്‍ ഭാഗ്യവാന്‍
നീതിമാന്‍ ചൊന്നതീ വചനം !
സ്വര്‍ഗരാജ്യത്തിനുടമകളാകുന്നു
നിശ്ചയം   ദു:ഖിതരെല്ലാം ....

സ്വര്‍ഗസ്ഥനായ പിതാവിന്റെ നാമത്തെ
നിത്യവും പൂജിതമാക്കൂ ......
സ്വര്‍ഗത്തിലെ പോലെ ഭുമിയിലും നിന്റെ
ഇഷ്ടങ്ങളെ നിറവേറ്റാന്‍ ....

ഭുമിയില്‍ നിക്ഷേപമൊന്നും നിനക്കായി
വേറെ കരുതി വയ്ക്കേണ്ടാ...
സ്വര്‍ഗത്തില്‍ മാത്രം കരുതുക നിന്‍  ധനം
 എത്തും അവിടെ നിന്‍ ഹൃത്തും ...!




പുണ്യദര്‍ശനം

        
കളകളമൊഴുകും പമ്പയില്‍ മുങ്ങി -
ക്കുളിച്ചു കരിമല കയറാം ...
കളഭത്തിന്റെ സുഗന്ധവുമായി -
കര്‍പ്പൂരപ്രിയനെ വണങ്ങാം !

ഓരോ തിരിയിലും , ഓരോ  ചൊടിയിലും
ഒളിചിന്നുന്നു ദേവന്‍ !
ഓരോ  മനസ്സിലും , ഓരോ  വപുസ്സിലും
ഒളിചിന്നുന്നു  നാഥന്‍ !

പതിനെട്ടാം പടി , പുണ്യത്തിന്‍ പടി -
കയറും ഭക്ത സമുദ്രം .....
ഇരവും പകലും ശാസ്താവേ നിന്‍
തൃക്കരതാരില്‍ സുഭദ്രം ...!

Sunday, November 14, 2010

നാരായണീയം

നാരായണീയമായ് മേല്‍പ്പത്തൂര്‍ നല്‍കിയ
നാദാദി ബ്രഹ്മത്തില്‍ മേവിയാലും
പുന്തേനു തുല്യമായ് പുന്താനമേകിയ
പുണ്യഗീതത്തില്‍ മയങ്ങിയാലും
നീയെന്നുമെന്നുടെ മാനസ്സാകാശത്തില്‍
നീഹാര ഹാരമണിഞ്ഞു നില്‍ക്കും .....! 

താനേ ഇറങ്ങിവരും പുഞ്ചിരിച്ചു നീ
തായമ്പക തുള്ളും മാനസ്സത്തില്‍
താഴിട്ട മന്ത്രപ്പുരയില്‍ ഒതുങ്ങാത്ത
തത്വമസ്സിയുടെ  വിശ്വഹൃത്തില്‍ ...!

നിന്മുടിക്കെട്ടിലെ പീലി പോല്‍ നെയ്ത്തിരി
നിന്ന് തിളങ്ങുന്നു ദീപങ്ങളില്‍
നിന്റെ സ്നേഹാര്‍ദ്രമാം സാന്ത്വന മന്ത്രങ്ങള്‍
നിത്യം മുഴങ്ങുന്ന ശംഖൊലിയില്‍   .....!

സ്നേഹമാണു ദൈവം

സ്നേഹമാണു  ദൈവം , ദാനമാണ് ദൈവം
എന്മനസ്സാം പൊന്‍ ചഷകം
സ്നേഹത്താല്‍ നിറയ്ക്കു !

സ്നേഹ വര്‍ണ്ണമാകെ പുവണിഞ്ഞിടുമ്പോള്‍
ജീവനെന്തു സൌഖ്യം ,
ജീവിതത്തിന്നര്‍ത്ഥം ! 

എന്‍ മനസ്സിന്‍ സ്നേഹം ,
ദൈവം  തന്ന ദാനം ,അന്യരിലേക്കിന്നെനിക്കു-
നല്‍കുവാന്‍  കഴിഞ്ഞു ! 

ഇപ്പോഴെനിക്കെത്ര മന:ശാന്തി വന്നണഞ്ഞു
ഇപ്പോഴെന്റെ ദു:ഖം -
ഒക്കെയുമൊഴിഞ്ഞു !

നക്ഷത്രങ്ങളോട്

"നീലാകാശ പഥങ്ങളില്‍ വിടരും
രാവിന്‍ പൂവുകളേ...!
തീരാദു:ഖ കഥ പറയാനൊരു
തോണി വരാറുണ്ടോ ?

കൂലം കുത്തിപ്പായും കാല -
നദിക്കരയെങ്ങാനും,
ഈ വിശ്വത്തെ   ഉയിര്‍ത്ത വരാഹം
ഇളവേല്‍ക്കുന്നുണ്ടോ ?   

ഇതിഹാസങ്ങള്‍ക്കെന്നും നിങ്ങള്‍
അമര സുരായുഥം 
ഇവിടെ പാവങ്ങള്‍ ഞങ്ങള്‍ക്കോ -
ഇളയുടെ സുസ്മേരം !"         

ഗംഗാതീര്‍ത്ഥം

  ശിവമേകി ക്ഷിതിയാകെ ,നിറയുന്ന ഭഗവാന്റെ -
തിരുമുന്‍പില്‍ കൂവള ദലമായിടാന്‍
ശിവമന്ത്രം ഉരുവിടും മനസ്സുമായണയുന്നോ -
രടിയന്റെ അഭിലാഷം നിറവേറ്റണേ ! 

തിരുപാദമണിയുന്ന പൊടി മുതല്‍ സുരഗംഗ -
ഒഴുകുന്ന മുടിവരെ തൊഴുന്നു ദേവാ .....
കരതാരിലണിയുന്നോരിടക്കയും ത്രിശൂലവും
കണികാണാന്‍ കരംകൂപ്പി തൊഴുന്നു  ദേവാ ! 

കനിവൂറും കനിയാം നിന്‍ ,ഹൃദയത്തിന്നമൃതത്തി -
ന്നൊരുകണം ഉലകാകെ ഉദയമേകും !
ഉമ ചായും വിരിമാറിന്‍ പുളകങ്ങള്‍ ഭഗവാന്റെ -
കരുണയായ് കമനീയ വസന്തമാകും .

Saturday, November 13, 2010

വിശ്വാസത്തിന്‍ പെരുനാള്‍

     
വിശ്വാസത്തിന്‍  പെരുനാള് -ബലിപ്പെരുനാള്
ഇതു സ്രഷ്ടാവിന്‍ കാരുണ്യം ചൊരിയും പെരുനാള്
ഇബ്രാഹിം നബി സ്വന്തം സുതനാം
ഇസ്മായീലിനെ ഖുര്ബാന്‍ ചെയ്യാന്‍
ഖല്‍ബില്‍ ഉറച്ചൊരു നാളിന്നോര്‍മ്മ -
പുതുക്കും പെരുനാള് -ഇത് -ത്യാഗപ്പെരുനാള് ..!

നീറും കരളോടു കയ്യിലുയര്ത്തിയ -
വാലത്ത് ജിബ്രീല്‍ അന്ന്‍ തടഞ്ഞു
നീളും കൃപയോടള്ളാവേകിയ -
സ്വര്‍ഗ്ഗമൃഗത്തെ ബലിനല്കുന്നു !

അള്ളാവിന്റെ തിരുനാമത്തില്‍ ,
അചഞ്ചലമാകും വിശ്വാസത്തിന്‍ ;
സന്ദേശങ്ങള്‍ വിടര്‍ത്തും സ്വര്‍ഗ്ഗ -
പൊന്പൂവാണീ പെരുനാള് .
.ബലിപ്പെരുന്നാള്

ഹേ! മഹാകവേ .. തവ ജീവിതം അനശ്വരം !

തൂലികത്തുമ്പാല്‍   ഭാവലോകങ്ങള്‍ വിരചിച്ച -
ഹേ! മഹാകവേ 
തവ ജീവിതം അനശ്വരം !
' വീണ പൂവിലും ' സ്വന്തം ജീവിതവനിയിലും
വീണ പൂക്കളെക്കണ്ടു കേണവനല്ലോ ഭവാന്‍ .!

ആ' പ്രരോദന' ത്തിങ്കല്‍ ഹൃദയ രക്തത്തിന്റെ -
ശുദ്ധിയും ശുഭദമാം ഭക്തിയും കണ്ടൂലോകം !
ആഴിതന്നാഴം പൂണ്ട ഭാവന ഭവല്‍ കാവ്യ -
മാദരാര്‍ഹമായ്  തീര്‍ത്ത ശ്രീലകം കണ്ടൂ കാലം !

ലോകമാദരിക്കുന്നോരാത്മീയാഗ്നിയാല്‍  സ്ഫുടം _
നേടിയ യുവയോഗിയായ്  വന്നല്ലോ ഭവാന്‍ !
കരളില്‍ കരുണ തന്‍ സ്വര്‍ണപുഷ്പവും വിരി-
ച്ചിവിടെ ശ്രീകോവിലില്‍  വന്നിരുന്നതും ഭവാന്‍ !

ലോലലോലമാമേതോ തന്തിമീട്ടുന്നു ലോക-
വീണയില്‍ മനസ്വിനി ' ലീല ' തന്‍ കരാംഗുലി .
ചിന്തതന്‍ തീയില്‍ തപിച്ചുരുകും സീതയ്ക്കേകി -
ബന്ധുര പരിവേഷം ! മാനവമനശാസ്ത്രം!

ആരണകുമാരിയെ ചെറുമന്‍ വേട്ടു -ദുര-
വാണൊരാ സമൂഹത്ത്തിലാഗ്നേയ ശരമെയ്തു !
ചന്ധാലി ദ്വിജനേകി സ്വന്തമാനസം -രണ്ടു-
മന്ധകാരത്തിന്നന്ത്യം കുറിച്ച  പ്രഹരങ്ങള്‍ !

സ്നേഹഗായകാ ...വീണമീട്ടുക വീണ്ടും നിന്റെ
മോഹമായിരുന്നൊരാ  സൂര്യന്റെ വരവിനായ് !
ഏകദൈവത്തില്‍ , ഏകമതത്തില്‍  ,മനുഷ്യനില്‍
കേവലസത്യം കണ്ട ഗുരുവിന്‍ നിറവിനായ്‌....!

Friday, November 12, 2010

ഏകദൈവം


ഹിന്ദു വിനീശ്വരന്‍ ക്രിസ്ത്യാനീശോ  
ഇസ്ലാമിനോ സ്നേഹ രൂപനള്ളാ !
ഈവിധം ഭിന്ന നാമങ്ങളില്‍ സര്‍വേശന്‍
ഏറെ  മതങ്ങള്‍തന്‍   ഏകരൂപം !

സൂര്യനും ചന്ദ്രനും നക്ഷത്രവും
ഏതു മതസ്ഥനും ഒന്നുപോലെ !
ആ വിധം തേജോമയനീശ്വരന്‍
എകമാണേകം  അതേകമത്രേ !

ജാതിയിതേകം  മതമിതേകം
ദ്യോവ്  നിറഞ്ഞൊരു ദൈവമേകം !
നാരായണ ഗുരുദേവനേകീ ,
നാടിന്നു സ്നേഹത്തിന്‍ നാകലോകം ...!


ഓണക്കിളിയേ നീ എവിടെ ?

കിലുകിലെയെന്തോ പറയും കിളിയേ
ഓണക്കിളിയേ  നീയെവിടെ ...?
കരളില്‍ കുളിരല പാകും നീയൊരു
കഥയുടെ കാണാപ്പുറമാണോ ...?!

മച്ചില്‍ നോക്കി , മരത്തില്‍ നോക്കി ,
തെച്ചിയില്‍ നോക്കി  കണ്ടില്ലാ ....,
കനവില്‍ നോക്കി ,കരളില്‍ നോക്കി
കള്ളന്‍ നിന്നെ കണ്ടില്ല ...!

കാതില്‍ നല്ലൊരു പുതുമഴപോല്‍   നിന്‍ -
രാഗം പണ്ടേ കേട്ടു ഞാന്‍
കാമമനോഹരമേതോ മാസ്മര -
ലോകം തന്നിലുയര്ത്തീ നീ ..!

മാബലി മന്നനു കേട്ടു  രസിക്കാന്‍
കാവ്യം ചൊല്ലിയ കവിയോ നീ ?!
മാണിക്യത്തിനു ശോഭ പകര്‍ന്നതു
മായികമാം നിന്‍  സ്വരസുധയോ ..?!

കുഞ്ചന്‍ കൊട്ടിയ ചേങ്കിലയോ നീ
തുഞ്ചന്‍ പോറ്റിയ ശാരികയോ ..?
ഓണപ്പാട്ടുകള്‍ പാടാന്‍ ഞങ്ങള്‍
-ക്കീണം നല്‍കും ഗായികയോ ?! 

Wednesday, November 10, 2010

ആറ്റുകാലമ്മയ്ക്ക് പൊങ്കാല


ആറ്റുനോറ്റെത്തി   ഞങ്ങള്‍ തിരുമുന്‍പില്‍
ആറ്റുകാലമ്മേ  പൊങ്കാല ...!
ആറാടിയെത്തും  ഇളംകാറ്റില്‍  തീനാളം
പാണീ മുകുളം പരം പൊരുളെ....!

പൊങ്കാല ത്തീയില്‍ തിളയ്ക്കുവതെന്തേ?
എന്റെ മനസ്സോ? നൈവേദ്യമോ?
പൊന്‍പുകച്ചുരുളുകള്‍  തേടുവതെന്തേ , നിന്‍    -
പങ്കജ മിഴികളോ? പാദങ്ങളോ  ?

മുജ്ജന്മ പാപങ്ങള്‍ എല്ലാം നിന്‍ മുന്നിലെ -
കത്തും അടുപ്പില്‍ ദഹിപ്പിച്ചേ....
ചിത്തത്തില്‍ പൊങ്കാല മധുരവും,  നിറയുന്ന -
ചിത് രൂപവുമായി മടങ്ങുന്നു......!

Tuesday, November 9, 2010

കണ്ണാ കരിമുകിലൊളിവര്‍ണ്ണാ........!



തിരുമൌലിയില്‍ ചാര്‍ത്താനൊരു പീലിക്കതിരുമായ്
അണയൂകയാണൂ ഞാന്‍ കണ്ണാ .....
പടിവാതിലില്‍ത്തടഞ്ഞടിയന്റെ മോഹത്തിന്‍
തിരി കെടുത്തീടരുതേ :ദേവാ ::ഗുരുവായുരപ്പാ ...


കരതലം കൂപ്പി മിഴിയടയ്ക്കുമ്പോഴേ
ചിരി തൂകി എത്തുന്നു നീ ,
അരയിലരഞ്ഞാണിന്‍ കിങ്ങിണി യൊ
ച്ചയും
ഒരുകയ്യില്‍ വെണ്ണയുമായ്‌

മനസ്സിലെന്‍ കണ്ണനീന്നേകുവാനൊത്തിരി
മധുരസ്വപ്നങ്ങളുണ്ട്
മണിമഞ്ചലേറ്റിയുറക്കുവാന്‍  ,  പാടുവാന്‍
മനതാരില്‍ മോഹമുണ്ട്
കണ്ണാ  കരിമുകിലൊളിവര്‍ണാ ........!

 

എന്‍ അയ്യനെക്കണ്ടോ?



എരുമേലി പേട്ടതുള്ളാനരുവിയില്‍ നീരാടി -
അണയുന്ന കുളിര്‍കാറ്റേ
അയ്യനെ കണ്ടോ?
അവിടെങ്ങാന്‍ പുലിയുണ്ടോ , പുലിപ്പുറത്തിരിപ്പുണ്ടോ?
ഇലക്കുമ്പിള്‍ നിറച്ചുമാ പുലിപ്പാലുണ്ടോ?

ഉലകെഴും ഏഴും കാത്തു ഉദയാര്‍ക്കനെപ്പോല്‍ വാഴും
ഉമപതി തനയനാം ഉ
ണ്ണിയെക്കണ്ടോ?
മദംകൊണ്ട മഹിഷിയെ യമലോകത്തയയ്ക്കുവാന്‍
ഉയിര്‍പൂണ്ട ഹരിഹര സുതനെ കണ്ടോ?  

ഇവിടുണ്ടെന്‍ ശബരീശന്‍ ,ഇടതൂര്‍ന്ന വനങ്ങളില്‍
ഇവിടുണ്ട്  പമ്പയാറ്റില്‍ , സന്നിധാനത്തില്‍ ...
ശരണം വിളിയ്ക്കും ശൈലത്തിരകളിന്‍ തിരികളില്‍
ശതലക്ഷം മനസ്സിലെ വെളിച്ചങ്ങളില്‍ ......!

Monday, November 8, 2010

ശബരിഗിരീശന്‍



"ദേഹബലം തന്നേ കാക്കും ദേവനിരുന്നരുളും
പൂങ്കാവനമിതു  തേടി വരുന്നേ , പുണ്യം നേടുന്നേ....!
പാദബലം തന്നേ  പാവം ഭക്തനിലുണരുന്നേ  ,
പാര്‍വ്വണ ശശികല പോലെ വിളങ്ങും പാവന മുഖകമലം ...!


പമ്പാതീര്‍ത്ഥത്തിന്‍  സ്നാനം പാപം കഴുകുന്നേ...
പമ്പാഗ
പതി  ദര്‍ശനമെന്റെ വിഘ്നമൊഴിക്കുന്നേ....!
ശങ്കരനന്ദനനെക്കാണാന്‍  ശബരീഗിരികയറാന്‍
ശരണം തരണം  സകലാശ്രയ നിന്‍ 
സവിധംപൂകീടാന്‍ ....!

കഡിനവ്രതം കൊണ്ടേ  ഹൃദയം പരിപാവനമാക്കി
കരളില്‍ നിന്റെ  രൂപമിരുത്തി  പൊന്നമ്പലമാക്കി
പലവഴി താണ്ടീ ഞങ്ങള്‍ പടികയറാന്‍ വന്നേ....
പരമേശ്വരസുത ദര്‍ശനമ
രുളാന്‍    മടികാണിക്കരുതെ"...!

പ്രകൃതിയിലേക്ക്




വയലിന്റെ കുളിരില്ല , വിരിയുന്ന-
വെള്ളാമ്പലിതളുകള്‍ തെളിയുന്ന പൊയ്കയില്ല...!
വരിനെല്ലു കൊത്തുവാന്‍  വാനിന്റെ മക്കളി-
ല്ലൊഴുകുവാന്‍ പുഴയിലോ പുളകമില്ല.....!

 

ഹരിതനീരാളം  വിരിച്ച പാടങ്ങളെ ,
പകരമിന്നെന്തായി  മാറി നിങ്ങള്‍ ?!
ശലഭ സന്താനങ്ങലെവിടെയിന്നവയുടെ -
ശബളാഭമാം പൂഞ്ചിറകെവിടെ  ?!

 

വിടരുന്ന ചുണ്ടുമായ് പുഞ്ചിരി തൂകി -
നിന്നഴകറ്റ നല്ല വയല്‍ ചെടികള്‍
അവയിനിക്കാ
ണില്ല , തെന്നലിന്‍ കൈകളില്‍ -
കുളിരിന്റെ വെണ്‍ചാമരങ്ങളില്ല !


കനല്‍ വെയില്‍ചൂടിന്‍  കരാളഹസ്തങ്ങളില്‍ -
പ്രകൃതിയും മക്കളും വെന്തിടുമ്പോള്‍
ഉരുകുന്ന ചൂടിലും തൊഴിലാളിയദ്ധ്വാന -
പ്പുതുഗാഥ കൂട്ടമായ്‌ നെയ്തിടുമ്പോള്‍ ..

 

ഇനി നമ്മള്‍ പുതിയ പ്രതിജ്ഞയെടുക്കണം
പ്രകൃതിയെ സ്നേഹിക്കാന്‍ , സംരക്ഷിക്കാന്‍
കുളിരും തണലുമായ്  കുടനീര്‍ത്തി നില്‍ക്കുന്ന -
വലിയ മരങ്ങള്‍ക്കു രക്ഷയേകാന്‍  ,..

 

വയലുകള്‍ വിളനിലമാക്കുവാന്‍ , കര്‍ഷക -
ത്തൊഴിലാളികള്‍ക്കും  മഹത്വമേകാന്‍
പുതുനീരുരവകള്‍ , പുല്‍മേടുകള്‍  നല്ല-
കുളവും പൂമ്പൊയ്കയും  നിലനിര്‍ത്തുവാന്‍ ..!









തൈപ്പൂയക്കാവടി

നീല മയിലേറി വരും വേല്മുരുകാ -
നീയേ തുണ , നീയേ  തുണ  ശ്രീമുരുകാ !
ചെന്തീക്കനല്‍ നിറമാളും നിന്മേനിയിലെന്നും ഞാന്‍
തെങ്കാശിപ്പൂവുകളാല്‍ അര്‍ച്ചന ചെയ്യാം .

മാനം തന്‍ തോളില്‍ മഴവില്‍ക്കാവടിയേന്തി
ക്കൊ  -  
ണ്ടാടുന്നു ,പാടുന്നു ശ്രീ  ഗുഹനാമം !
മൂവുലകും നിറയുന്നോന്‍ , ഭാവികാലം അറിയുന്നോന്‍ ,
ജ്ഞാനപ്പൊരുളാകുന്നോന്‍ ശ്രീ  വേലായുധന്‍ !

താഴമ്പൂ വിരിയുമ്പോള്‍ ,താഴ്വരകള്‍ പൂക്കുമ്പോള്‍
തൈപ്പൂയമെഴുന്നെ
ളും  കാവടി തുള്ളും ,
വേലേന്തും ഭഗവാനെ  , വേദനകള്‍
മാറ്റുവോനെ  
വേല്മുരുകാ  നിന്‍ മുന്നില്‍ കൈതൊഴുന്നിതാ ...!
  

"ശ്രീമുരുകാ ..,"


ശിവസുത സുന്ദര , ഗിരിജാ നന്ദന ,
വരമരുളുക നീ വേല്‍മുരുകാ ..,  
അറിവിന്‍ പടികളില്‍ ,അമൃത തലങ്ങളില്‍
മയിലേറി വരൂ ശ്രീമുരുകാ ..,

പ്രാര്‍ഥിക്കുന്നു നിന്‍ തിരു മുന്നില്‍ -
പാവന രൂപാ പഴാനീശാ ..,
കാത്തരുളീടുക ഞങ്ങളെയെന്നും
കാരുന്ന്യത്തൊടു കനല്‍വര്‍ണ്ണാ ...!  

കാലം നിന്‍  തിരു  മുന്നില്‍  വെറുമൊരു  -
മായാനദിയുടെ സംഗീതം ..,
നീയേ മൂവുലകത്തിന്‍ പൊരുളെന്‍
നീല മയില്‍പ്രിയ വേല്‍മുരുകാ ...! 

Sunday, November 7, 2010

സ്വര്‍ഗ്ഗമരാളിക

സപ്തസ്വരസുര കന്യകമാരെ
സ്വര്‍ഗ്ഗ  മരാളികമാരെ ,
ചിത്ര വിപഞ്ചിക മീട്ടുക നിങ്ങള്‍
സിത്താറിന്‍ ലയമോടെ....

ചിരിച്ചു വിടരും പൂവുകള്‍ നിങ്ങള്‍ ,
ചിലമ്പണിഞ്ഞ വികാരം ;
ചിത്രാമ്പരിയുടെ മുഗ്ദ്ധമനോഹര -
സ്നിഗ്ധാലാപന രാഗം !

സീതപ്പുല്ലുകള്‍ താളമടിക്കും .
സീയോന്‍ താഴ്വര തോറും
ശ്രിമ്ഗാരത്ത്തിന്‍  പാവല്പൂവുകള്‍
എന്തേ നിങ്ങള്‍  വിടര്‍ത്തി ?!

Saturday, November 6, 2010

അയ്യനയ്യപ്പന്‍

ഓടക്കാടുകള്‍ താണ്ടിവരും
ഓടക്കുഴലു വിളിച്ചുവരും ,
കോടക്കാറ്റെ   പൂംകാ
റ്റെ നീ-
തേടുവതാരെ അയ്യനെയോ....?!

കാലത്തിന്‍  കൈക്കുംബിളിലെന്നും
കാനനവാസന്  കൌമാരം
കലിയുഗ വരദാ ശാസ്താവേ-
കമനീയം നിന്‍ ഇതിഹാസം...!

ദേവ ഗുണത്താല്‍ മുഖകമലം
വ്യാഖ്ര ഗണത്താല്‍ അനുഗമാനം..!
ശൂലഫ
ത്താല്‍ വീര്യഗുണം
അയ്യപ്പാ നിന്‍ അവതാരം...!

ഹരിഹരസുതന്‍

ഹരിഹരസുതന്‍
ഹരിഹര സുതനേ  കാടമരുന്നൊരു -
കവിതേ , പന്തള രാജകുമാരാ...!
കാട്ടില്‍ പുലിയുടെ മേട്ടില്‍ നിന്റെ -
കാല്‍പ്പെരുമാറ്റം  കേള്‍ക്കുന്നുണ്ടേ ...!

ഹരിത മനോഹരമീപ്പൂമ്കാവനം ,
അതിലെന്നയ്യപ്പാ നിന്‍ വാസം ...!
കൌമാരത്തില്‍  കലിയുഗ വരദന്‍ -
കത്തും ചൈതന്യത്തിന്‍ ഭാസം ...!

കാടുകള്‍, മേടുകള്‍  എല്ലാം നിന്റെ-
കാരുണ്യത്താല്‍ രക്ഷിതമല്ലേ ...?!
എന്നും ഭക്ത മനസ്സില്‍ തെളിയും ,
ഈ ഉലകത്തിന്‍ നറുനെയ് വിളക്കേ...!

Friday, November 5, 2010

ശിലാകാവ്യം


ശിലയില്‍ വിരിയുന്ന ശില്‍പ സൌന്ദര്യമേ ,
ശിവ പുഷ്പ ലാവണ്യമേ......,
ശീവേലി തൊഴുതു മടങ്ങും ഋതുക്കള്‍ക്ക് ,
നീയൊരു   അനശ്വര ഗാനം, ! സോമ-
സാര മനോഹര ഗാനം !

 ത്രേതാ യുഗ രാമ ബാണം തറഞ്ഞൊരു
ദ്രാവിഡ കന്യയെപ്പോലെ ...,
നീലാന്ജന മിഴിക്കോണില്‍ വിരഹത്തിന്‍
വേദന പേറി  നീ നില്പ്പു !

ഹേമന്ത യാമിനി പൂവിട്ടു നില്‍ക്കുന്ന -
ഹേമ യാമങ്ങളില്‍ മുങ്ങി
ഈറന്‍ നിലാവില്‍ കുളിച്ചു നീ നില്‍ക്കവേ
ദേവകുമാരിക പോലെ  -നീയൊരു
മോഹ മരീചിക പോലെ ..!
  

Thursday, November 4, 2010

"സുന്ദര സ്വപ്നം...."

ചന്ദ്രകാന്തക്കല്ലു  ചാലിച്ചു നിന്‍ മുഖ -
ചന്ദനപ്പൂതീര്ത്തു ദേവന്‍ ,
ഇദ്രനീലക്കല്ലില് ഇന്ദീവരം കടന്ജ് -
ഈ മിഴി നിര്‍മ്മിച്ചു നാഥന്‍ ....!   

മാനസപ്പോയ്കയില്‍ നീന്തുന്ന -
മായിക മാദക ഹംസം കണക്കെ
ഓമല്‍ കിനാവിന്റെ തേരേറി വന്നു നീ -
കാമന്റെ പൂവമ്പു പോലെ  ...!

കാതര ഭാവങ്ങളില്‍ കര്‍ണികാരങ്ങള്‍
പൂവിട്ടു നില്‍ക്കുന്ന നിന്നെ,
കാണാതെ കാണും മനസ്സിലെ സ്വപ്‌നങ്ങള്‍
വാരിപ്പുണര്‍ന്നു മയങ്ങി ...!

Wednesday, November 3, 2010

ശ്രീ ഗുരുപ്രസാദം


നളിന വദന , മഹിത ചരിത ശ്രീ ഗുരോ നമ:
അരുളുക നീ ഭുവന ശാന്തി പാവന രൂപാ   ,
ശിവഗിരിക്ക്  ശിവമരുളിയ ശ്രീ ഗുരുദേവാ ...,
ശിലയുംഅലിയുമുലകില്‍ നിന്റെ കരുണ തന്നിലായ്‌...

പാവനം നിന്‍ ചരിതം, പാരിലിതെ മഹിതം,
പൂവിന്‍ഒത്ത ഹൃദയം ..ശ്രീ ഗുരുപ്രസാദം!

കാലത്തിന്‍ കല്‍വിളക്കില്‍ നെയ്ത്തിരിയായ് നീ ,
കാവ്യത്തിന്‍ കാനനത്തില്‍ കല്പകമായ് നീ,
കാടുകളില്‍  മേടുകളില്‍  തപസ്സിരുന്നു നീ ,
കര്‍മയോഗിയായി വന്നു പുണ്യമേകി  നീ....!

നാരായണ ശ്രീ ഗുരുവേ നന്മയേകണേ...
നാവില്ത്തിരുനാമമെന്നുമ് നൃത്തമാടണേ
നാളെ വെളിച്ചമായി നീയുദിക്കണേ
നീളെ നിന്‍ ശാന്തിയേകി നാടു
ര്ത്തണേ...

പരിണാമം

ചുടുചോര നിറമുള്ള കുസുമത്തിന്നിതളിലെന്‍
മിഴികള്‍ ഉടക്കി ഞാന്‍ നിന്നു
ഹരിതാഭ വിതറുന്ന പശ്ചാത്തലത്തിലീ
കമനീയ പുഷ്പം ലസിപ്പു ...!

ഒരു സുപ്രഭാതത്തിന്‍ സൌന്ദര്യ മൊക്കെയും
മലരിതില്‍ മേളിചിടുന്നു..!
ഒരു   പ്രേമഗീതത്തിന്‍ ലയഭംഗിയോക്കെയും 
മലരിതില്‍  തങ്ങി   നില്ക്കൂന്നൂ ..!

കാമനീയമായോരീ പൂവിന്റെ കാന്തിയില്‍
സകലം മറന്നു ഞാന്‍  നില്‍ക്കെ ..!
അറിയാതെന്‍ ചിന്തയില്‍ ഒരു പന്തികേടിന്റെ-
പഴുതാര ഇഴയുന്നതെന്തേ ..?

ഒരു  ഭിഷഗ്വര്യന്റെ തിരൂമുട്ടമലന്കരി -
ചിവിടെ വിരിഞ്ഞോരീ പുഷ്പം ..!
ഒരുപക്ഷെ മാംസം ,മനുഷ്യ മാംസം  തന്നെ
വളമായി ഭക്ഷിച്ച്ചിരിക്കാം ...!

ചിരിതൂകി നില്ക്കൂമീ പൂവിന്‍ ഹൃദന്തത്തില്‍  
അരുതാത്തതേറെയുണ്ടാകാം ,
ഒരു  പൊള്ളരാഷ്ട്രീയക്കാരന്റെ ചിരിപോലീ -
ച്ച്ചിരിയും മലീമാസമാകാം       
**  **  **  **  **  **  ** *

തുടുതുടുപ്പാര്‍ന്നോരീ വാഴപ്പഴത്തിന്റെ
മധുരിമ മാദകമല്ലേ ?
അഴകാര്‍ന്ന ,മനമാര്‍ന്ന ,രുചിയാര്‍ന്ന ഫലമിതില്‍
മനുജന്നു പീയൂഷമില്ലേ ?

കുതുകമിയന്നു മനോഹരമാം വാഴപ്പഴമിതില്‍
നോക്കി ഞാന്‍  നില്‍ക്കെ ..!,
ഒരു ഭയപ്പാടിന്റെ കരിമുകില്‍ വന്നെന്റെ
മനമാകെ നിറയുന്നതെന്തേ ?

കരള്‍ കാര്‍ന്നു തിന്നുഉന്ന രാസവസ്തുക്കളീ ,
ഫലമിതില്‍  ഉണ്ടായിരിക്കാം ..!,
മനുജന്റെ സ്വാര്‍ധത വിഷമായ്‌ നിറച്ച്ചിതിന്‍ -
തനുവാകെ ചീര്‍പ്പിച്ചതാകാം ... !

തുളസ്സിക്കതിരിലും , നറുപുഞ്ചിരിയിലും ,
യുവതയില്‍ , ചിന്തയില്‍പ്പോലും ,
ഇവിടെയീ ശതകത്തിന്‍   കപടസന്താനങ്ങള്‍
കടുകാളകൂടം നിറപ്പൂ ....

**  **  **  **  **  **  **  **

വനമാകെ വെട്ടുവോനരചനാകും  ,
ജനപദമാകെ വെട്ടുവോന്‍ മന്ത്രിയാകും ,
പ്രതികരിക്കാനോട്ടും അറിയാത്ത ചെറുപ്പക്കാര്‍
അവശിഷ്ടം തിന്നു കഴിഞ്ഞു കൊളളും ,
അഭിമാനമില്ലാതെ , ആത്മാവിന്നുടുതുനി -
ലെവലേശമില്ലാതെ കഴിഞ്ഞുകൊള്ളും ....

**  **  **  **  **  **  **  **  **  **  **  **


പഠവാളില്‍ തലചായ്ച്ച്ചുറക്കം നടിക്കുന്ന
പടുവിദ്ധിയാകും ചെറുപ്പക്കാരാ ...,
വിധി നിന്റെ ഭാവിക്കായ് വിത്തിട്ടതൊക്കെയും
അരിയാക്കി ,അറകേറ്റി  ബുദ്ധിമാന്മാര്‍ ......!


****  ****  ****  ****  ****  ****  ****  ****

ദിവ്യാനുരാഗം

കാതരേ  നീയൊരു  കല്‍ഹാരപുഷ്പമായ് ,
കാനന ഹൃത്തില്‍  വിരിഞ്ഞു..!
നീലക്കടമ്പിന്റെ   നീള്‍മിഴിത്തുമ്പു  നീട്ടി -
നീയെതോ കാര്യം പറഞ്ഞു ...!

ഈറനുടുത്തു ഹരിചന്ദനക്കുറിയിട്ടു -
പുലരിപ്പെണ്ണിതു വഴി വന്നിടുമ്പോള്‍ ...,
ഹിന്ദോള രാഗം പാടി ,ഹിരണ്‍മയീപുഷ്പം ചൂടി
ഹിമവാഹിനികള്‍ ചിരിക്കും ..!

ശീലാവതിക്കിളികള്‍ , ശീലാന്തി തൈമരങ്ങള്‍ ,
ശീതക്കാട്ടലയും  വനികള്‍ ...!
നീയെന്നില്‍ കവിതയാകും ഞാന്‍ നിന്‍ കഥയാകും ,
നാമിന്നൊരു കഥകളിപ്പദമാടും ...!
 

Tuesday, November 2, 2010

മായക്കണ്ണന്‍

ഗുരുവായൂരപ്പന്റെ  ചിരി കേട്ടുണര്‍ന്നു ഞാന്‍ ,
അറിയാതെ  കണ്ണുനീരൊഴുകുന്നു...!
ഒരു മയക്കത്തിലെന്‍ കണ്ണന്‍ പു
ണര്‍ന്നതായ്  -
മനസ്സില്‍ ഞാനിപ്പോഴും അറിയുന്നു..!

കനവിലാ
ണെങ്ങിലും  കണ്ടു ഞാന്‍ കണ്ണന്റെ
കു
റിമുണ്ടുടുത്തുളള കുസൃതിയാട്ടം ...!
എവിടെയും ഓടിയെത്തുന്നു  തന്‍  പൊന്നോട-
ക്കുഴ്ല്‍വിളി
ച്ചൊക്കെ മയക്കിടുന്നു ...!

പകലിരവെന്യേ  വിളിപ്പവര്‍ക്കൊപ്പം നീ-
പരിചില്‍ കാലാട്ടി ഇരിക്കുന്നു ...!
വിരിയുന്ന കണ്‍കളില്‍ വിസ്മയം  പേറി നീ -
വിമല ഹാസം തൂകിയണയുന്നു....!

കര്‍ത്താവേ , നിന്‍ നാമം എത്ര മനോഹരം

കര്‍ത്താവേ നിന്‍ നാമം എത്ര മനോഹരം ,
ഭൂമിയേക്കാളും മഹോന്നതം ...!
രക്ഷകാ നിന്‍ വിരല്‍ തുമ്പുകള്‍ സ്പര്‍ശിച്ച -
ഇക്ഷിതിയെത്ര മഹല്‍ത്തരം....!

ആകാശം പോലെ വിശാലമാം ഹൃത്തടം ,
ആഴിയെപ്പോലെ ദയാജലം ...!
ആയിരം നാവിനാല്‍ വാഴ്ത്ത്തിയാലും നിന്റെ-
അപദാനം തീരില്ല നിശ്ചയം...!

പരിപൂര്‍ണ ഹൃദയത്തോടവിടുത്തെ  സ്തോത്രങ്ങള്‍-
പരിതപിച്ചിന്നു ഞാന്‍ പാടുന്നു ...!
പതിതരെപ്പോറ്റുന്ന  തിരുക്കരത്താലെന്നെ -
തഴുകുന്നു നീ രക്ഷയേകുന്നു...!

Monday, November 1, 2010

വയ്ക്കത്തു വാഴുന്ന വിശ്വനാഥാ

വയ്ക്കത്തു  വാഴുന്ന വിശ്വനാഥാ  ..
വക്ഷസ്സില്‍ നാഗമണിഞ്ഞ ദേവാ ...
തൃക്കരം തന്നിലീ മുപ്പാരു മേന്തുന്ന
,തൃക്കടവൂരപ്പാ കൈതൊഴുന്നേന്‍ ...

നിത്യവും നിന്‍ നാമ മന്ത്രജപങ്ങളാല്‍ ,
ഹൃത്തടം ശുദ്ധീകരിച്ചു ഞങ്ങള്‍...
തൃപ്പാദ പങ്കജം പഞ്ചാക്ഷരികളായ് ...
എത്തും മലരിനാല്‍ പൂജചെയ്തൂ....

മാലിന്യമില്ലാത്ത മാനവ മാനസം,
വാഴുന്ന ശങ്കരാ കൈതൊഴുന്നേന്‍
മാനിനിയാം മനോമോഹിനി പാര്‍വ്വതി ,
മേവുന്ന വാമോരു കുമ്പിടുന്നേന്‍

"ശംഭോ മഹാദേവ , ശങ്കര ശ്രീകണ്‍൦,
ചന്ദ്ര കലാധര പാലയമാം ...."

Sunday, October 31, 2010

കേരളപ്പിറവി

പരശുരാമന്റെ  മഴുവില്‍ നിന്നോ,
പതിരില്ലാ പഴമൊഴിക്കുള്ളില്‍ നിന്നോ  ,
പഴയൊരു  പാട്ടിന്റെ  പൊരുളില്‍നിന്നോ      
അഴകോലും  നാടെ നീയവതരിച്ച്ചു ?

തിറമേറും അറിവില്ലാപ്രജകളാലും ,
അറിവാളും ആചാര്യ പ്രമുഖരാലും ,
മലയന്റെ കണ്ണീര്‍ ക
ങ്ങളാലും,
അവികലമാന്നുനിന്‍  തിരുചരിതം ..!

വള്ളക്കളികളില്‍ തുള്ളിയാടി  ,
തുള്ളല്‍ക്കഥകള്‍   തന്നുള്ളം ഏറി .
എള്ളുകള്‍  പൂത്ത വയല്പ്പരപ്പില്‍ ,
നല്ലദിനം നീ പറന്നിറങ്ങീ...!

കേരളം കേകയും കാകളിയും ,
കേളിയുയര്‍ന്ന കഥകളിയും
നാലമ്പലവും നടുമുറ്റവും ,
നാടേ നിനക്ക് പ്ര
ണാമ്യഹം മേ  ...!


                                                                                              

Saturday, October 30, 2010

ആത്മപ്രണയം

നീയെനിക്കെന്നുമൊരു   സാന്ത്വനരാഗം ,
നീറും  മനസ്സിന്നിളനീര്‍  പ്രവാഹം ....
നിത്യതയ്ക്കുള്ളില്‍   നിന്നെത്തിയ സൗഹൃദം ,
ചിത്തത്തിനുള്ളില്‍ നിന്‍  സത്യപ്രകാശം ..!

ജീവിതസാഗര യാത്രയിലെന്‍  പ്രിയ --
ഭാമിനീ നീയെനിയ്ക്കെന്നുമൊരു  യാനം...
തളിരിട്ടുവരുമെന്‍  തനയസൂനങ്ങള്‍ക്ക് --
തണലേകിത്താങ്ങുമൊരു   ചിരഹരിത വൃക്ഷം ...

സ്വരബിന്ദൂ  തിരയുമെന്‍  തൂവലിന്‍ തുമ്പില്‍,
കരലാളനാമൃതം  ,  നിന്‍  പ്രണവമന്ത്രം ...
ചിരിതൂകിയെത്തുന്ന ഹിരനകിരണം പോല്‍ ---
അരികില്‍  വിരിയുന്നുനിന്നാത്മ പ്രണയം....!

ആത്മപ്രണയം

             ആത്മപ്രണയം

നീയെനിക്കെന്നുമൊരു   സാന്ത്വനരാഗം ,
നീറും  മനസ്സിന്നിളനീര്‍  പ്രവാഹം ....
നിത്യതയ്ക്കുള്ളില്‍   നിന്നെത്തിയ സൗഹൃദം ,
ചിത്തത്തിനുള്ളില്‍ നിന്‍  സത്യപ്രകാശം ..!

ജീവിതസാഗര യാത്രയിലെന്‍  പ്രിയ --
ഭാമിനീ നീയെനിയ്ക്കെന്നുമൊരു  യാനം...
തളിരിട്ടുവരുമെന്‍  തനയസൂനങ്ങള്‍ക്ക് --
തണലേകിത്താങ്ങുമൊരു   ചിരഹരിത വൃക്ഷം ...

സ്വരബിന്ദൂ  തിരയുമെന്‍  തൂവലിന്‍ തുമ്പില്‍,
കരലാളനാമൃതം  ,  നിന്‍  പ്രണവമന്ത്രം ...
ചിരിതൂകിയെത്തുന്ന ഹിരനകിരണം പോല്‍ ---
അരികില്‍  വിരിയുന്നുനിന്നാത്മ പ്രണയം....!

Friday, October 29, 2010

ചന്ദനത്തിരിയുടെ സൗരഭ്യം

  ചന്ദനത്തിരിയുടെ  സൗരഭ്യം
 
ചന്ദനത്തിരിയുടെ  സൌരഭ്യമൊഴുകുന്ന -
സന്നിധാനത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ....
ചമയങ്ങളില്ലാതെ  മുഴുക്കാപ്പു ചാര്‍ത്താതെ ,
ഹൃദയത്തില്‍  അയ്യപ്പന്‍ തെളിയുന്നു ...!

അഭിഷേക കളഭത്താല്‍  തൊടുമഞ്ഞക്കുറി   ചാര്‍ത്തി
അനവദ്യ ഭസ്മത്തിന്‍  വരകള്‍ ചാര്‍ത്തി ...!
അറിവിന്റെ  പതിനെട്ടു  പടികള്‍ ഞാന്‍  കയറുമ്പോള്‍
അഖിലേശന്‍ അയ്യപ്പന്‍  തുണയേകുന്നു ..!

നിറയുംനിന്‍ ഒളിയിലെന്‍  നിരുപമ ശാന്തി തേടി,
നിജമാല്യ  പുഷ്പമൊന്നിന്‍ ഇതളായി ഞാന്‍ ..!
മനമുറും  തെന്നല്‍ നിന്റെ   മധുപൂന്കാവനത്തിന്ടെ
മനിമുട്ടത്തിലവെല്പ്പു  കിനാക്കളോടെ ..!

ശൈവ

                                 ശൈവ

എന്തെ തമസ്സിന്റെ നെഞ്ചില്‍      കുടുങ്ങിയ  നൊമ്പരം പോലെയീ വിശ്വം   !    
   എണ്ണിയാല്‍ തീരാത്ത കന്ന്വാശ്രമങ്ങളില്‍   കണ്ണീരില്‍ മുങ്ങിയ   ദു:ഖം !                                                                     
 കീറിയെറിഞ്ഞ തുണിയില്‍   പൊതിയുന്നൂ  നീറുന്ന ചാരിത്ര്യ ദു:ഖം !  
  നീതിതന്‍ നീളന്‍   വടിയുമായെത്തുന്നൂ നീരാളി പോല്‍    നീതിശാസ്ത്രം ! 
                
ത്രേതായുഗത്തിന്‍ ധനുസ്സിലെ കൂരമ്പ്‌ തേടിയതും വാമ നിന്നെ ,
 ദ്വാപര ദ്വാരക ഹോമകുന്ടങ്ങളില്‍ ഹോമിച്ച്തും ഭാമ നിന്നെ !
ഹേമന്ത ചന്ദ്രികയെന്നു വിളിച്ചു നിന്‍ മോഹം വളര്‍ത്തുന്നു കാമന്‍ ,
ഹേമാമ്ബുജക്കൂളിര   കോരകസൌഭഗം കീറിമറിക്കൂന്നൂ   ഭീമന്‍ !

ചോരപുരണ്ട വിരല്‍ മറച്ച്ചിപ്പോഴും  ഘോരം പ്രസംഗിപ്പൂ  ഭൂപന്‍
"പാവനം   ,സുന്ദരം ,നസ്വരാതീതമീ  ഭാരത സ്ത്രീകള്തന്‍  ശുദ്ധി  !"

Thursday, July 15, 2010

ദാവീദിൻ പുത്രൻ,

ദാവീദിൻ പുത്രൻ, സ്നേഹ സ്വരൂപൻ


ശ്രീയേശുനാഥൻ നീ....

കനിവിന്റെ ദേവൻ , കാരുണ്യ രൂപൻ

കന്യാതനയൻ നീ....





കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലന്നു നീ

താരകം പോലുദിച്ചു....

ആദിവചനങ്ങൾ ഒക്കെയുൾക്കൊള്ളുന്ന-

ആതിര പോലുദിച്ചു..





ആട്ടിടയൻ നീ അണിഞ്ഞ പൊന്തൂവലിൻ

മാറ്റിലീ വിശ്വമാകെ...

ആനന്ദ സാന്ദ്രമായ്‌ മാറുന്നു മന്മനം

പാടുന്നു ഹാലേലൂയാ... (2)