Wednesday, October 22, 2014

ചിത്തൊരമ്പലം

ചിത്തൊരമ്പലമാക്കി ,ചിത്രപതംഗമാക്കി
ചിറ്റലകൾ തുള്ളും മനം പ്രശാന്തമാക്കി
ചിരകാലമോഹത്തിന്റെ ചിരാതുമായണയുമ്പോൾ
ചോറ്റാനിക്കരദേവീ ദർശനം നൽകൂ

തങ്കഗോളമുദിക്കുന്ന ഗന്ധമാദനശൃംഗത്തിൽ
തമ്പുരാൻറെ ചിലമ്പൊലി ഉണരുംനേരം
ചന്ദ്രമൌലിപ്രിയേ ദേവീ ചാരുമുഖീ ഹൈമവതീ
തിങ്കൾപോലെ തിളങ്ങേണം നിൻറെ മാനസം

                                               

Saturday, October 11, 2014

മോഹപ്പൂത്തുംബി പറന്നു


മോഹപ്പൂത്തുംബി പറന്നു മാകന്ദ്ത്തോപ്പിൽ
മോഹന രാഗം പാടുന്നു മാനസ തന്തികളിൽ
നീയെന്റെ സംഗീതം, ഹൃദയത്തിൻ സൗഭാഗ്യം
നീയാകും കിന്നര കന്യക ജീവിത സർവ്വസ്വം...

കാണാത്ത കിനാവുകൾ വന്നെൻ മനസ്സിൽ നിറയുന്നു
കൗമാരചിറകാർന്നവയൊരു ദ്വീപിലിറങ്ങുന്നു...
നീയെന്റെ രാജകുമാരി , ഞാൻ നിന്റെ മാനസ സുൽത്താൻ
നാമിന്നൊരു നവസ്വർഗത്തിൻ ലഹരിയിലമരുന്നു...

താതിന്നം പാടിപ്പാടി നിളാനദിയൊഴുകുന്നു
രാവിന്റെ ചുണ്ടിൽ സ്വർണ്ണത്താമര വിരിയുന്നു.
പ്രേമാർദ്ദ്രം നീയെൻ മാറിൽ മയങ്ങും വേളയിതിൽ
രോമാഞ്ചം പൂക്കും വിരലുകൾ നിന്നെ തഴുകുന്നു...

ഇന്‍കം ടാക്സിലെ  ജെന്റില്‍ മാന്‍
മൊബൈലിന്റെ സ്നേഹാര്‍ദ്ര സംഗീതം നിലച്ചപ്പോള്‍
അതൊരു മിസ്സ്ഡ് കോള്‍ ആയി!
             പതിവ് പോലെ  സര്‍വീസസിന് വേണ്ടി ഏതെങ്കിലും
ക്ലൈന്റാകാം.... ഒരു പക്ഷേ പുതിയ ഒരു പോളിസിയുടെ
നേര്‍ത്ത ചരടിന്റെ ഒരറ്റം ഈ കോളിന്റെ തലക്കലെങ്ങാന്‍
കിടപ്പുന്ടെങ്കിലോ ? ..തിരിച്ചു വിളിച്ചു ..
            അങ്ങേ തലക്കല്‍ മാന്യമായ ശബ്ദം !"ഇന്‍കം ടാക്സ്
ഓഫീസ്സില്‍ നിന്നാണ് ..തിരിച്ചു വിളിച്ചത് ഭാഗ്യം ..,നിങ്ങള്‍ സമര്‍പ്പിച്ച
ടാക്സ് റിടെന്‍ രേഖകളില്‍ ബാങ്ക് അക്കൌണ്ട് നമ്പരില്ല.."
സര്‍ക്കാര്‍ ഓഫീസ്സുകളില്‍ നിന്നും ഒരിക്കലും കേള്‍ക്കാത്ത
ഒരു സേവന സൌമനസ്സ്യം!!അഹന്തയില്ലാത്ത സ്വരം..!
 അത്ഭുതപ്പെട്ടു പോയി...!!
            ധാരാളം ആവശ്യങ്ങള്‍ തല ഉയര്‍ത്തി ദയനീയമായി
നോക്കി നില്‍ക്കുന്ന ഈ സമയത്ത് ടിഫക്റ്റ് രേഖപ്പെടുത്തി
ഈ വലിയ ഓഫീസിന്റെ പൊടിപിടിച്ച മൂലയിലെങ്ങാന്‍
ദീര്‍ഘ വിശ്രമം ചെയ്യേണ്ട  ഫയല്‍.....
            ആ മാന്യതയുടെ ശബ്ദത്തിന്നുടമയോട് ഞാന്‍
ഫോണിലൂടെഎന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പറഞ്ഞു .
            നെറ്റിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ഫയല്‍ പറക്കുമ്പോള്‍
ഞാന്‍ മനസ്സില്‍ പറഞ്ഞൂ .."നന്മകള്‍ മരിച്ചിട്ടില്ല".
            കാണാത്ത ആ നല്ല മനസ്സിന്നുടമയ്ക്ക് ഒരു പേര് വേണ്ടേ .?
അത് ഇങ്ങനെ ആകാം ."ഇന്‍കം ടാക്സിലെ ജെന്റില്‍ മാന്‍ " ...!
    


 
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ

അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ....
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
ന്ധരെ നിങ്ങള്‍ നയിപ്പതാരെ ?

ദൈവ പിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍ -
സ്വന്തം തിരുത്തുമായ് വന്നു നില്‍പ്പൂ ........
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം നിങ്ങള്‍
ഇല്ലാ വചനം വചിപ്പതത്രേ ....

സ്വര്‍ഗപിതാവിന്നു നട്ടതല്ലാതുള്ള-
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍ ..
നിഷ്ട്ടയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തുകൊള്‍ക .......


പഞ്ചതന്ത്രകഥകൾ -'ആമയും അരയന്നങ്ങളും '

അകലെ വനാന്തരം ,അതിനുള്ളിൽ നീലിമ-
കലരും ജലാശയം സ്ഫടികതുല്യം
അതിലായ് വസിച്ചിരുന്നാമയൊന്നവനുടെ
ശരിയായപേരിതേ 'കംബുഗ്രീവൻ '

അരയന്നപ്പറവകൾ സംകടക-വികടകർ
ആമതൻ ഉറ്റചങ്ങാതിമാരായ്
ഒരുമിച്ചു നീന്തിക്കളിച്ചും,ചിരിച്ചും ഹാ
പതിവായി സ്നേഹവും പങ്കുവച്ചു !!

പൊരിയുന്ന വേനൽ വന്നോരുനാളീ കുളമാകെ
വറുതിയിൽ വറ്റുന്ന നിലയിലായി
കരയുന്നോരാമയെ കാതങ്ങൾ ദൂരെയു -
ള്ളരുവിയിൽ മാറ്റുവാൻ അവർ നിനച്ചു.

ഒരുചുള്ളിക്കമ്പിലായ് മുറുകെക്കടിക്കുവാൻ
ആമയോടരയന്നക്കിളികൾ ചൊല്ലി
വടികൊത്തി ആകാശമാർഗ്ഗേ പറന്നവർ
മുറുകെക്കടിച്ചു കിടന്നിതാമ !!

ഇടയിലായ്‌ അടിയിലേക്കൊന്നു കണ്ണോടിച്ചു
വിരുതനാം ആമയാ ഗഗനമധ്യേ
ഒരുകൂട്ടം കുട്ടികൾ കയ്യടിച്ചാര്ത്തുകൊ -
ണ്ടനുഗമിക്കുന്നതീക്കാഴ്ച്ച കാണാൻ !!

അവരോടു കിന്നാരം പറയുവാൻ വെമ്പൽപൂ -
ണ്ടറിയാതെ ആമയും വായ്‌ പിളർന്നു
അതിവേഗമാകാശമധ്യത്ത് നിന്നവൻ
അവനിയിൽ വന്നു നിലംപതിച്ചു.

ഉടലാകെ ചിന്നിയും ,ഉയിർപിടഞ്ഞും പാവം
ദയനീയമായിപ്പരിതപിച്ചു..
"ഒരുമിച്ചൊരു ലക്ഷ്യത്തിന്നൊന്നായ്പ്പറക്കുമ്പോൾ
ഉരിയാടരുതൊരുനാളും നിങ്ങളാരും "


കലയുടെശ്രീകോവിൽ

കലയുടെശ്രീകോവിൽത്തിരുമുറ്റങ്ങളിൽ
കഥകളിപ്പദമേളമുയർന്നു
ഇരവിൻ നീലനഭസ്സിൽപ്പുതിയൊരു
കനകത്താലമുദിച്ചു !!

ഒരുപരിരംഭണസുഖമേകാനായ്
പനിമതിമുഖിനീ വന്നൂ..
ഹരികളഭക്കുറി ചാർത്തിയ നെറുകയിൽ
ഹിമകണമൊന്നു ചിരിച്ചു..!!

തരളിതമോഹശതങ്ങളിലെന്നും
സരിഗമപാടും തനുവിൽ
തളിരിലതോൽക്കും മൃദുലതയുതിരും
പുതിയവികാരമുണർത്തും ..!!!


വിഷുക്കണി

കണ്ണുപൊത്തി കണ്ണുപൊത്തി
കണ്ണാ ഞാൻ നിന്നെയൊരു
കണിദീപത്തിരികാണാൻ
കൊണ്ടുപോകും -വിഷു -
ക്കണികാണാൻ നിന്നെ ഞാൻ
കൊണ്ടുപോകും !

ഒരു താമരയിതൾപോലു -
ള്ളരുമകൈക്കുള്ളിൽ ഞാൻ
കനകത്തുട്ടൊന്നുനൽകും
കൈനീട്ടമായ് -പിന്നെ -
കവിളിണയിൽ ച്ചുടുമുത്തം
ഒരുപൂങ്കുലയായ്

വിരിയുന്ന അരിമുല്ലകൾ
നിൻ ചൊടികൾക്കുള്ളിൽ നിന്ന്
ഉതിരുന്ന പുഞ്ചിരിയുടെ
കണികാണുമ്പോൾ
വിളയുന്നനന്മകളുടെ
നിറമുന്തിരി വള്ളികൾപോൽ
വിഷുവിന്നും മധുരക്കനി
ചോരിയുന്നല്ലോ !!!