Tuesday, June 29, 2010

കിലുകിലേയെന്തോ

കിലുകിലേയെന്തോ പറയും കിളിയേ
ഓണക്കിളിയേ നീയെവിടെ?
കരളിൽ കുളിരല പാകും നീയൊരു-
കഥയുടെ കാണാപ്പുറമാണോ?

മച്ചിൽ നോക്കി, മരത്തിൽ നോക്കി,
നൽകും ഗായികയോ....?
തെച്ചിയിൽ നോക്കി കണ്ടില്ല !
കനവിൽ നോക്കി , കരളിൽ നോക്കി
കള്ളൻ നിന്നെ കണ്ടില്ല !

കുഞ്ചൻ കൊട്ടിയ ചേങ്കിലയോ നീ-
തുഞ്ചൻ പോറ്റിയ ശാരികയോ !
ഓണപ്പട്ടുകൾ പാടാൻ ഞങ്ങൾക്കീണം-

നിൻ മിഴിയിൽ

നിൻ മിഴിയിൽ നിൻ തൂമൊഴിയിൽ
നിതാന്ത സന്ധ്യാ രാഗം
നിൻ ചിരിയിൽ നിൻ ചെഞ്ചൊടിയിൽ
നിലാവു പോലനുരാഗം...

നിളയുടെ നീഹാരാർദ്ര വികാരം
നളിനമുഖീ നിൻ മോഹം...
നീയൊരു നിസ്തുല ഗാനം ,ദേവീ-
നിരുപമ സുന്ദര ഗീതം....

എൻ മനസ്സാകും ശിൽപിയൊരുക്കിയ-
വെണ്ണക്കല്ലിലെ വിസ്മയമേ...
ജന്മ ശതങ്ങളിലെന്നിലുറങ്ങിയ-
സുന്ദരമാം കിനാവോ നീ?...

Monday, June 28, 2010

ശശിവർണ്ണാ വിനായകാ

ശശിവർണ്ണാ വിനായകാ
ചതുർഭുജാ ഗണേശാ നിൻ-
ചരണ പത്മങ്ങൾ താണു വണങ്ങിടുന്നു...
കരുണാ വാരിധേ നിന്റെ-
കരകമലങ്ങൾ തന്റെ
കനിവോലും അനുഗ്രഹം ചൊരിഞ്ഞിടേണം.

സർവ്വ വിഘ്നഹരാ നിന്റെ-
സവിധം പൂകുമ്പോഴെന്റെ
മനതാരിലൊരു നിലാവുദിച്ചിടുന്നു.
മനം മറന്നതു പാടാൻ അനുഗ്രഹം തരിക നീ
മടുമൊഴീ മരന്ദമായ്‌ ഒഴുകുവാനായ്‌....

ഗജമുഖാ ഗണനാഥാ, ഏകദന്താ ശിവനന്ദാ
എപ്പൊഴും നിൻ തിരുവുള്ളം തെളിഞ്ഞിടേണം.
കൊറ്റം കുളങ്ങര വാഴും ഭഗവതീ സ്തോത്രം ചൊല്ലാൻ
ചെറ്റും വിഘ്നം വരുത്താതെ അനുഗ്രഹിക്കാൻ....

ശാകൂന്തളത്തിലെ


ശാകൂന്തളത്തിലെ ഹേമന്തമേ
ശരപത്മ സൗന്ദര്യമേ...
ശാലീന കാനന മേദുര ഭംഗിയിൽ
നീയൊരലങ്കാരമായ്‌
കണ്വ മാനസ കാഞ്ചനമായ്‌..

നിൻ കവിൾ കവിൾചെണ്ടുകൾക്കെന്നും പ്രിയംവദ-
സിന്ദൂര രാഗമിട്ടു
നിന്നപാംഗങ്ങളിൽ എന്നും അനസൂയ-
അഞ്ഞനക്കൂട്ടുമിട്ടു.

പാടാത്തപാട്ടുകൾ പാടിയുറക്കുവാൻ
ശാരിക വന്നണഞ്ഞു.
ഓമൽക്കിനാക്കളിൽ എന്നും ശകുന്തങ്ങൾ
പീലി നിവർത്തി നിന്നു...

മോഹപ്പൂത്തുംബി പറന്നു


മോഹപ്പൂത്തുംബി പറന്നു മാകന്ദ്ത്തോപ്പിൽ
മോഹന രാഗം പാടുന്നു മാനസ തന്തികളിൽ
നീയെന്റെ സംഗീതം, ഹൃദയത്തിൻ സൗഭാഗ്യം
നീയാകും കിന്നര കന്യക ജീവിത സർവ്വസ്വം...

കാണാത്ത കിനാവുകൾ വന്നെൻ മനസ്സിൽ നിറയുന്നു
കൗമാരചിറകാർന്നവയൊരു ദ്വീപിലിറങ്ങുന്നു...
നീയെന്റെ രാജകുമാരി , ഞാൻ നിന്റെ മാനസ സുൽത്താൻ
നാമിന്നൊരു നവസ്വർഗത്തിൻ ലഹരിയിലമരുന്നു...

താതിന്നം പാടിപ്പാടി നിളാനദിയൊഴുകുന്നു
രാവിന്റെ ചുണ്ടിൽ സ്വർണ്ണത്താമര വിരിയുന്നു.
പ്രേമാർദ്ദ്രം നീയെൻ മാറിൽ മയങ്ങും വേളയിതിൽ
രോമാഞ്ചം പൂക്കും വിരലുകൾ നിന്നെ തഴുകുന്നു...

Sunday, June 27, 2010

നവരാത്രി മണ്ഡപ നടയിൽ ...

നവരാത്രി മണ്ഡപ നടയിൽ വിരിയുന്ന

നയനാബ്ജമിന്നു ഞാൻ കണ്ടു-അതിൽ

നവരസനദനങ്ങൾ കണ്ടു.

പലവുരു പാടിപ്പതിഞ്ഞൊരു പാട്ടുപോൽ

അമലേ നിൻ അനുരാഗം കണ്ടു ഞാൻ

അറിയാതെ കോരിത്തരിച്ചു...



അഴകേ നിന്നധരപുടങ്ങളിൽ മലരിന്റെ

മധുകു‍ടം തൂകിയതാരോ....?

കടമിഴിക്കോണുകൾക്കുള്ളിൽ കിനാവിന്റെ

കളിവള്ളമേറിയതാരോ....?



രവിതേജോ പുഷ്പങ്ങൾ രതിഭാവമണിയുന്ന

രജതാംബരക്കുടക്കീഴിൽ

അറബിക്കഥയിലെ ആയിരം രാവുകൾ

നുകരുവാൻ നീ വരികില്ലേ...?