Saturday, October 11, 2014

പഞ്ചതന്ത്രകഥകൾ -'ആമയും അരയന്നങ്ങളും '

അകലെ വനാന്തരം ,അതിനുള്ളിൽ നീലിമ-
കലരും ജലാശയം സ്ഫടികതുല്യം
അതിലായ് വസിച്ചിരുന്നാമയൊന്നവനുടെ
ശരിയായപേരിതേ 'കംബുഗ്രീവൻ '

അരയന്നപ്പറവകൾ സംകടക-വികടകർ
ആമതൻ ഉറ്റചങ്ങാതിമാരായ്
ഒരുമിച്ചു നീന്തിക്കളിച്ചും,ചിരിച്ചും ഹാ
പതിവായി സ്നേഹവും പങ്കുവച്ചു !!

പൊരിയുന്ന വേനൽ വന്നോരുനാളീ കുളമാകെ
വറുതിയിൽ വറ്റുന്ന നിലയിലായി
കരയുന്നോരാമയെ കാതങ്ങൾ ദൂരെയു -
ള്ളരുവിയിൽ മാറ്റുവാൻ അവർ നിനച്ചു.

ഒരുചുള്ളിക്കമ്പിലായ് മുറുകെക്കടിക്കുവാൻ
ആമയോടരയന്നക്കിളികൾ ചൊല്ലി
വടികൊത്തി ആകാശമാർഗ്ഗേ പറന്നവർ
മുറുകെക്കടിച്ചു കിടന്നിതാമ !!

ഇടയിലായ്‌ അടിയിലേക്കൊന്നു കണ്ണോടിച്ചു
വിരുതനാം ആമയാ ഗഗനമധ്യേ
ഒരുകൂട്ടം കുട്ടികൾ കയ്യടിച്ചാര്ത്തുകൊ -
ണ്ടനുഗമിക്കുന്നതീക്കാഴ്ച്ച കാണാൻ !!

അവരോടു കിന്നാരം പറയുവാൻ വെമ്പൽപൂ -
ണ്ടറിയാതെ ആമയും വായ്‌ പിളർന്നു
അതിവേഗമാകാശമധ്യത്ത് നിന്നവൻ
അവനിയിൽ വന്നു നിലംപതിച്ചു.

ഉടലാകെ ചിന്നിയും ,ഉയിർപിടഞ്ഞും പാവം
ദയനീയമായിപ്പരിതപിച്ചു..
"ഒരുമിച്ചൊരു ലക്ഷ്യത്തിന്നൊന്നായ്പ്പറക്കുമ്പോൾ
ഉരിയാടരുതൊരുനാളും നിങ്ങളാരും "


No comments:

Post a Comment