Monday, December 20, 2010

"ശ്രീ ഗുരുവന്ദനം "
ഗുരുവിന്‍ തൃപ്പാദതളിരില്‍ കുമ്പിട്ടി-
ന്നിരുകരം കൂപ്പിതൊഴുന്നു ഞാന്‍ ..!
ഗുണകരാ ദേവാ, ദയാനിധേ പാരില്‍ -
ഇനിയും വന്നു നീ ഉദിയ്ക്കണേ..!!

അനന്തശക്തിയായ്   തപത്താല്‍ എത്തി നീ,
അനന്ത ശോഭയാല്‍ ജ്വലിച്ചു നീ..!
അനംഗബാധയൊന്നറിയാതുള്ളോരെന്‍
അമൃതജ്യോതിസ്സേ വണങ്ങുന്നേന്‍ ..!!

അറിയുവാന്‍ അരുതടിയന്നങ്ങതന്‍
അണിമയും ദിവ്യ ഗരിമയും ..,
അതുലശോഭായാര്‍ന്നരുളും ആത്മീയ-
പ്രഭയില്‍ മുങ്ങിയ മഹിമയും..!!

വിമല വിസ്മയ ഫലിത ഫാലവും ,
വിഷയമോലാത്ത നയനവും,
വിരളഹാസത്താല്‍ വിളങ്ങുമാനന -
വിശുദ്ധ തേജസ്സും വണങ്ങുന്നേന്‍ ...!!

പുലിയും പാമ്പുമായ് ഇണക്കം നേടിയ -
പുരുഷാ നിന്നിലെ സമസ്നേഹം,
പുളിനം തന്നിലെ ജലം പോലാര്‍ദ്രവും,
ഭുവനമാകെയും നിറഞ്ഞതും..!!

മഹല്‍ തപസ്സിന്റെ ഹിമവല്‍ ശ്രിംഗത്ത്തില്‍  
മനനത്താലെത്തി മഹത് ഗുരു
മനുജസ്നേഹത്താല്‍  തിരികെ പോരുന്നു
മനുഷ്യരെ നന്നായ് നയിക്കുവാന്‍ ..!!

നയിച്ചു നീയെന്നും ,നയിച്ചു ഞങ്ങളെ -
ഇരുളില്‍ നിന്നുമീ വെളിച്ചത്തില്‍..,
നയിച്ചു വിജ്ഞാനപ്രഭയാം സ്നേഹത്തിന്‍ -
മതത്തില്‍ ജാതിതന്‍ പുറത്തേക്കും..!!

മരണമറ്റൊരെന്‍ ഗുരുവിന്‍ ജ്യോതിസ്സേ -
വണങ്ങുന്നേന്‍ താണു വണങ്ങുന്നേന്‍ ..!
മഹത്താം നീയാകും വെളിച്ചം ഞങ്ങളെ -
നയിക്കുവാനായി നമിയ്ക്കുന്നേന്‍ ..!!!
   ****     ****    ****     ****    ****

No comments:

Post a Comment