Saturday, November 13, 2010

ഹേ! മഹാകവേ .. തവ ജീവിതം അനശ്വരം !

തൂലികത്തുമ്പാല്‍   ഭാവലോകങ്ങള്‍ വിരചിച്ച -
ഹേ! മഹാകവേ 
തവ ജീവിതം അനശ്വരം !
' വീണ പൂവിലും ' സ്വന്തം ജീവിതവനിയിലും
വീണ പൂക്കളെക്കണ്ടു കേണവനല്ലോ ഭവാന്‍ .!

ആ' പ്രരോദന' ത്തിങ്കല്‍ ഹൃദയ രക്തത്തിന്റെ -
ശുദ്ധിയും ശുഭദമാം ഭക്തിയും കണ്ടൂലോകം !
ആഴിതന്നാഴം പൂണ്ട ഭാവന ഭവല്‍ കാവ്യ -
മാദരാര്‍ഹമായ്  തീര്‍ത്ത ശ്രീലകം കണ്ടൂ കാലം !

ലോകമാദരിക്കുന്നോരാത്മീയാഗ്നിയാല്‍  സ്ഫുടം _
നേടിയ യുവയോഗിയായ്  വന്നല്ലോ ഭവാന്‍ !
കരളില്‍ കരുണ തന്‍ സ്വര്‍ണപുഷ്പവും വിരി-
ച്ചിവിടെ ശ്രീകോവിലില്‍  വന്നിരുന്നതും ഭവാന്‍ !

ലോലലോലമാമേതോ തന്തിമീട്ടുന്നു ലോക-
വീണയില്‍ മനസ്വിനി ' ലീല ' തന്‍ കരാംഗുലി .
ചിന്തതന്‍ തീയില്‍ തപിച്ചുരുകും സീതയ്ക്കേകി -
ബന്ധുര പരിവേഷം ! മാനവമനശാസ്ത്രം!

ആരണകുമാരിയെ ചെറുമന്‍ വേട്ടു -ദുര-
വാണൊരാ സമൂഹത്ത്തിലാഗ്നേയ ശരമെയ്തു !
ചന്ധാലി ദ്വിജനേകി സ്വന്തമാനസം -രണ്ടു-
മന്ധകാരത്തിന്നന്ത്യം കുറിച്ച  പ്രഹരങ്ങള്‍ !

സ്നേഹഗായകാ ...വീണമീട്ടുക വീണ്ടും നിന്റെ
മോഹമായിരുന്നൊരാ  സൂര്യന്റെ വരവിനായ് !
ഏകദൈവത്തില്‍ , ഏകമതത്തില്‍  ,മനുഷ്യനില്‍
കേവലസത്യം കണ്ട ഗുരുവിന്‍ നിറവിനായ്‌....!

No comments:

Post a Comment