Monday, November 8, 2010

പ്രകൃതിയിലേക്ക്




വയലിന്റെ കുളിരില്ല , വിരിയുന്ന-
വെള്ളാമ്പലിതളുകള്‍ തെളിയുന്ന പൊയ്കയില്ല...!
വരിനെല്ലു കൊത്തുവാന്‍  വാനിന്റെ മക്കളി-
ല്ലൊഴുകുവാന്‍ പുഴയിലോ പുളകമില്ല.....!

 

ഹരിതനീരാളം  വിരിച്ച പാടങ്ങളെ ,
പകരമിന്നെന്തായി  മാറി നിങ്ങള്‍ ?!
ശലഭ സന്താനങ്ങലെവിടെയിന്നവയുടെ -
ശബളാഭമാം പൂഞ്ചിറകെവിടെ  ?!

 

വിടരുന്ന ചുണ്ടുമായ് പുഞ്ചിരി തൂകി -
നിന്നഴകറ്റ നല്ല വയല്‍ ചെടികള്‍
അവയിനിക്കാ
ണില്ല , തെന്നലിന്‍ കൈകളില്‍ -
കുളിരിന്റെ വെണ്‍ചാമരങ്ങളില്ല !


കനല്‍ വെയില്‍ചൂടിന്‍  കരാളഹസ്തങ്ങളില്‍ -
പ്രകൃതിയും മക്കളും വെന്തിടുമ്പോള്‍
ഉരുകുന്ന ചൂടിലും തൊഴിലാളിയദ്ധ്വാന -
പ്പുതുഗാഥ കൂട്ടമായ്‌ നെയ്തിടുമ്പോള്‍ ..

 

ഇനി നമ്മള്‍ പുതിയ പ്രതിജ്ഞയെടുക്കണം
പ്രകൃതിയെ സ്നേഹിക്കാന്‍ , സംരക്ഷിക്കാന്‍
കുളിരും തണലുമായ്  കുടനീര്‍ത്തി നില്‍ക്കുന്ന -
വലിയ മരങ്ങള്‍ക്കു രക്ഷയേകാന്‍  ,..

 

വയലുകള്‍ വിളനിലമാക്കുവാന്‍ , കര്‍ഷക -
ത്തൊഴിലാളികള്‍ക്കും  മഹത്വമേകാന്‍
പുതുനീരുരവകള്‍ , പുല്‍മേടുകള്‍  നല്ല-
കുളവും പൂമ്പൊയ്കയും  നിലനിര്‍ത്തുവാന്‍ ..!









No comments:

Post a Comment