Saturday, November 20, 2010

പൊന്‍തൂലിക


 

കാവ്യം രചിക്കുമീപ്പേനയെന്‍ ഹൃത്തിലൊരു -  

വേദനയുടെ വേനല്‍ വിതയ്ക്കുമ്പോള്‍

മൂകം തേങ്ങുമെന്‍ അന്തരാളത്തിലീ -
മായാത്ത ചിത്രം തിളങ്ങുന്നു ...

എന്നോ പോയൊരെന്‍ കൗമാര വാസര-
പ്പൊന്‍പൂക്കളില്‍ മനം പായുന്നു.
അക്കലാശാലതന്‍ പ്രൌഡി  പോലെന്‍ ഗുരു-
വ്യക്തിത്തമാര്‍ന്നു വിലസുന്നു...

ആരാധ്യന്‍ ഗുരു.....ആദരാര്‍ഹന്‍ ഗുരു...
സ്നേഹത്താല്‍ മൃത്യു ജയിച്ചോനും.
എന്നും ഞങ്ങള്‍ക്കൊരാവേശം ഗുരു
ഇപ്പോഴും ഞങ്ങളിലാമോദം .....


*    *    *      *      *       *       *        *        *

വര്‍ഷങ്ങളെത്ര  കടന്നുപോയ്  ,ജീവിതം
വര്‍ഷവസന്തങ്ങളെത്ര കണ്ടു.....
ആകസ്മികമായിരുന്നാ സംഗമം
ക്ഷീണിതനെന്‍ ഗുരു കണ്മുന്നില്‍ ....!

ഏതോ മാരക രോഗം ചവച്ചോരാ -
പ്രാകൃത രൂപം കണ്ടു ഞാന്‍ ...
കൈയ്യെത്തും ദൂരത്ത്‌ നില്‍ക്കുന്ന മൃത്യുവിന്‍ -
കൈവിലങ്ങേല്‍ക്കാന്‍ തയ്യാറായി .....

നിസ്സംഗനായ്  , നിശബ്ദനായ്  ദു;ഖത്തിന്‍
കൈപ്പുനീരാവോളമുള്ളിലാക്കി .
ശബ്ദ സ്വരങ്ങളുയരാത്ത കണ്‍റത്തില്‍
മുട്ടിത്തടഞ്ഞു  ഗദ്ഗദങ്ങള്‍ ......!

ശോഷിച്ച കൈയ്യെന്‍ ശിരസ്സില്‍ ചാര്‍ത്തി
ആത്മാവിലെന്തൊരനുഭൂതി ....!
കുഞ്ഞു വിരല്‍ പിടിച്ചാദ്യ മന്ത്രാക്ഷരം
അന്നുരചിച്ചോരനുഭൂതി...!

*    *   *     *    *     *     *      *     *      *     *

കണ്ണു നിറഞ്ഞും വിറയ്ക്കും കരത്താ-
ലന്നെനിയ്ക്കേകി ഈ പൊന്‍പേന ....
ധന്യ മുഹൂര്‍ത്തങ്ങളെന്നിലുണര്ത്തും
ജന്മാവേശമാം പൊന്‍പേന .....!
അക്ഷരജ്വാലകളര്‍ത്‌ഥങ്ങളൊക്കെയും
തപ്തമുറങ്ങുമീപ്പൊന്‍പേന...!

താളില്‍ തത്തിക്കളിക്കുമ്പോഴും  പേന
ദീനം തേങ്ങുന്നതെന്തേ ...?
പോയിമറഞാലുമെന്നെ ഞാനാക്കുമീ
പ്പേനയിലെന്‍ ഗുരുവുണ്ടിന്നും ....!

No comments:

Post a Comment