Wednesday, November 24, 2010

പാഥേയം


പാതികഴിച്ച പൊതിച്ചോറ്
പാതിരാകൂമന്റെ താരാട്ട് ..!
പാഴ്നിലപ്പുല്ലിന്‍ നെറുകയില്‍ വേര്‍പ്പിന്റെ -
പാട ഉണങ്ങിയിട്ട് ഉപ്പുകൂട്ടു !

ഭാരതം മക്കളെ പായിലിരുത്തുന്നു
ഭാവിതന്‍ കൈരേഖ നോക്കുന്നു ..,
പാടങ്ങള്‍പോലെ പരന്നോരാ കൈകളില്‍
പാടെ ചെളിയും നിണക്കറയും..!

കാലം തെളിയുന്നു കൈകളില്‍ ,കണ്ണുനീര്‍
കൂലം കുത്തിയൊഴുകുന്നു
കാലികള്‍ക്കാകെ വയര്നോവ്
കരിയുന്ന സത്യത്തിന്‍ തിറയാട്ട് !
കളിയല്ല കാര്യമാണെല്ലാമെല്ലാം 
കിഴവന്റെ കനവിലും കൌമാരം !
കൌമാരം  നാല്ചുവരുകള്‍ക്കുള്ളിലും
കലികാല ചെപ്പിലും കരിയുന്നു !

  എരിയുന്ന സ്വാതന്ത്ര്യം എണ്ണയില്ലാത്തൊരു
നിലവിളക്കിന്‍ തിരിച്ചന്തത്തില്‍ !
എവിടെ സത്യത്തിന്നുദയാര്ക്കന്‍ !
എവിടെ  നീതിതന്‍ ഗണനാഥന്‍ !

കവികള്‍ക്കും കാമുകരാകണം സമ്മാന -
പൊതിയില്‍ വെറും പുകയെന്നാലും !
ചരടിലെ കൈവിരല്‍ കാണാതെ പുഞ്ചിരി -
ച്ചുണര് വോടെ   നില്‍ക്കുവോര്‍ക്കാനന്ദം !

പുറകിലെ കീശയൊരു പുല്ലോര്‍ക്കുടംആക്കി
പുതിയ ധന്വന്തരി എത്തുമ്പോള്‍,
എഴുന്നേറ്റ് പോകുന്നു പാവങ്ങള്‍ വഞ്ചിയില്‍
എരിയുന്ന  തുട്ടുകള്‍ അര്ച്ചിക്കാന്‍ !

സടകുടഞ്ഞുയരുന്ന സര്‍ക്കാര്‍സിംഹത്തിന്‍
സകല രോമങ്ങള്‍ക്കും സായൂജ്യം !
മലയാളമാനസ്സ മംഗല്ല്യത്താളുകള്‍
ഫയലുകള്‍ആക്കും വിധാതാക്കള്‍
അറിയുന്നില്ലായിരം ജീവിത ദുഃഖങ്ങള്‍
വരിയുന്ന നാടയില്‍ പിടയുന്നൂ !

നീതിക്ക് ചോരനിറം കൊടുക്കാന്‍
കാക്ക കോലംകെട്ടി കരഞ്ഞു പോയാല്‍
നീളത്തില്‍ നീട്ടുരമൊന്നു കിട്ടും -പിന്നെ -
നീളെനടത്തും പെരുവഴിയില്‍ ...!

ചിരികള്‍ക്ക് പിന്നിലെ ചിത മറച്ചേ കൂളി -
പ്പടനയിപ്പോര്‍ തിമര്ത്തെത്തുംപോള്‍
വലിയസിംഹാസനം കനവില്‍ ചുമന്ന്‍ കൊണ്ട -
ലയുന്നോരാത്മാവ് തെളിയുന്നു ...!

ഇടതുകാല്‍ മുന്നോട്ടു വച്ചേ പോയവര്‍
വലതുകാല്‍ കുന്തിക്കളിക്കുന്നു !
അതുപോലെതന്നെ തിരിച്ചും കാണാം
പരമാര്ധ ത്യാഗത്തിന്‍ ഭാഗധേയം ...!

ഇവരൊക്കെ നിന്മക്കള്‍ ചുവരുകള്‍ക്കുള്ളിലെ
കളിയരങ്ങത്തെ കളിക്കൂട്ടര്‍!
ഫയലുകല്‍ക്കുള്ളിലെ പൈങ്കിളി കഥയൂമായ്
സമയംകഴിക്കുന്ന മേലാളര്‍ ..!

പൊതുജനത്തിന്‍ വേര്‍പ്പ്തുള്ളികള്‍ക്കുള്ളിലെ
മണിമന്ദിരങ്ങളില്‍ വാഴുന്നോര്‍ !
ഇടതടവില്ലാതെ വാചകമേളയില്‍
ചൊരിയുന്ന മാലിന്യം കൂടുന്നു !

ഹൃദയത്തുടിപ്പിന്റെ നേരിലും നെറിയിലും
ഹിമകണം പേറുന്ന പാവങ്ങള്‍
ഇവിടുത്തെ ചെങ്കോല്കയ്യാളുവോര്‍ കാട്ടു -
മിരുള്‍നാടകം കണ്ടു ഞെട്ടുന്നു ...!








No comments:

Post a Comment